Thursday, January 9, 2025
Kerala

പണിമുടക്കിയല്ല, പണിയെടുത്താണ് അഖില പ്രതിഷേധിച്ചത്; കമ്മ്യൂണിസ്റ്റുകാര്‍ കണ്ടുപഠിക്കണം; വി മുരളീധരൻ

ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി മുരളീധരൻ. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിമർശനം. ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡൽ കമ്മ്യൂണിസം. പാർട്ടി സെക്രട്ടറിയുടെ ജാഥയിൽ പങ്കെടുത്തില്ലെങ്കിൽ കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളുടെ തൊഴിൽ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഐഎം തന്നെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

സമരങ്ങളുടെ പേരിൽ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ച ചരിത്രമുള്ള പാർട്ടി നയിക്കുന്ന സർക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായർ പ്രതിഷേധിച്ചത്.

തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച് ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി. മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങൾക്കും യുവജന കമ്മിഷൻ അധ്യക്ഷയുടെ ശമ്പളത്തിനും മന്ത്രിമാരുടെ സ്റ്റാഫിൻ്റെ പെൻഷനും മറ്റുമായി കോടികൾ ധൂർത്തടിയ്ക്കുന്ന നാട്ടിലാണ് ജീവിത പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാട്ടി അഖില പ്രതിഷേധിക്കുന്നതെന്നുമോർക്കണം.അഖിലയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയുമെന്നും വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *