’10 ജന്മം എടുത്താലും രാഹുൽ ഗാന്ധിക്ക് സവർക്കറാകാൻ കഴിയില്ല’; അനുരാഗ് താക്കൂർ
സവർക്കറിനെതിരായ പ്രസ്താവനയിൽ രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം കടുപ്പിച്ച് ബിജെപി. 10 ജന്മമെടുത്താലും സവർക്കറെപ്പോലെയാകാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. മാപ്പ് പറയാൻ തൻ്റെ പേർ സവർക്കറല്ലെന്നും, ഗാന്ധിമാർ ആരോടും മാപ്പ് പറയില്ലെന്നും മാനനഷ്ടക്കേസിൽ അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ പത്ര സമ്മേളനത്തിൽ രാഹുൽ പറഞ്ഞിരുന്നു.
സവർക്കറെ അപമാനിച്ചതിന് രാഹുൽ ഗാന്ധിയോട് രാജ്യം ഒരിക്കലും പൊറുക്കില്ലെന്ന് ദേശീയ തലസ്ഥാനത്ത് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ജിറ്റോ അഹിംസ റണ്ണിൽ എഎൻഐയോട് സംസാരിക്കവെ അനുരാഗ് താക്കൂർ പറഞ്ഞു. സവർക്കർ തന്റെ ജീവിതം മുഴുവൻ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ചെലവഴിച്ചു, എന്നാൽ രാഹുൽ തൻ്റെ മുഴുവൻ സമയവും ഇന്ത്യൻ ജനാധിപത്യത്തിനെതിരായ പ്രചാരണത്തിനായി ചെലവഴിക്കുകയാണെന്നും കേന്ദ്ര മന്ത്രി വിമർശിച്ചു.