വൈക്കം സത്യാഗ്രഹ വാർഷികാഘോഷ വിവാദം; കെ മുരളീധരനെ പിന്തുണച്ച് എം. കെ. രാഘവൻ
കെപിസിസിയുടെ വൈക്കം സത്യാഗ്രഹ വാർഷികാഘോഷ വിവാദത്തിൽ കെ മുരളീധരനെ പിന്തുണച്ചും നേതൃത്വത്തെ വിമർശിച്ചും കോഴിക്കോട് എം പി എം കെ രാഘവൻ രംഗത്ത്. എല്ലാവരെയും ഉൾക്കൊള്ളാൻ നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വൈക്കം സത്യഗ്രഹ വാർഷികാഘോഷ വേദിയിൽ കെ മുരളീധരനെ സംസാരിക്കാൻ അനുവദിക്കാത്തത് തെറ്റായിപ്പോയെന്നും എം കെ രാഘവൻ കൂട്ടിച്ചേർത്തു.
കെ മുരളീധരനും ശശി തരൂരിനും പിന്നാലെയാണ് എം കെ രാഘവനും അതൃപ്തി തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകേണ്ട സംഘടനയിൽ നേതൃത്വം എല്ലാവരെയും ഉൾക്കൊളളാൻ തയ്യാറാകണമെന്ന് എം കെ രാഘവൻ. വൈക്കം സത്യഗ്രഹ വേദിയിൽ കെ മുരളീധരനെ അവഗണിച്ച നടപടിയെയും അദ്ദേഹം വിമർശിച്ചു.
വൈക്കം സത്യഗ്രവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടന്ന പരിപാടിയിൽ എം കെ രാഘവന് ക്ഷണമുണ്ടായിരുന്നില്ല. ഇതിലുളള നീരസവും അദ്ദേഹം പരസ്യമായി വ്യക്തമാക്കി. തന്റെ മുൻനിലപാടുകളിൽ മാറ്റമില്ലെന്നും എം. കെ. രാഘവൻ പറഞ്ഞു. സംസ്ഥാന നേതാക്കൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര നേതൃത്വം ഉൾപ്പെടെ ശ്രമം തുടരുമ്പോഴും ചേരിപ്പോര് രൂക്ഷമായി തുടരുകയാണ്.