രാമനവമി ആഘോഷത്തിനിടെ ആന്ധ്രപ്രദേശില്‍ ക്ഷേത്രത്തിന് തീപിടിച്ചു, മധ്യപ്രദേശില്‍ ക്ഷേത്രക്കിണര്‍ ഇടിഞ്ഞ് വീണ് അപകടം
രാമനവമി ആഘോഷങ്ങള്‍ക്കിടെ ആന്ധ്രയിലും മധ്യപ്രദേശിലുമായി ക്ഷേത്രത്തില്‍ അപകടം. ആന്ധ്രപ്രദേശില്‍ രാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിന് തീപിടിച്ചു. ക്ഷേത്രത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലാണ് സംഭവം. തീപിടുത്തത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. തീപിടുത്തം ഉണ്ടായതിന്റെ കാരണവും വ്യക്തമല്ല.
ദുവ ഗ്രാമത്തിലെ വേണുഗോപാല സ്വാമി ക്ഷേത്രത്തിലാണ് തീപിടുത്തമുണ്ടായത്. നൂറുകണക്കിന് ആളുകള്‍ രാമനവമി ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രപരിസരത്തെത്തിയിരുന്നു. തീപിടിച്ച് തുടങ്ങിയപ്പോള്‍ തന്നെ അകത്തുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചതോടെയാണ് വലിയ അപകടമൊഴിവായത്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മധ്യപ്രദേശിലെ ഇന്‍ഡോറിലെ പട്ടേല്‍ നഗറിലാണ് ക്ഷേത്ര കിണര്‍ ഇടിഞ്ഞുവീണ് അപകടമുണ്ടായത്. ഇരുപതിലധികം പേര് കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാമനവമി ദിനത്തില്‍ വന്‍ ജനക്കൂട്ടം ക്ഷേത്രത്തില്‍ തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇന്‍ഡോര്‍ കളക്ടര്‍ക്കും കമ്മീഷണര്‍ക്കും നിര്‍ദേശം നല്കി.ഇതുവരെ എട്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.