ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം; വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു, ജാഗ്രതാ നിര്‍ദേശം
ഉത്തരാഖണ്ഡിലെ ചമോലിയില്‍ വൈദ്യുതി പദ്ധതിക്കു സമീപം മഞ്ഞുമല ഇടിഞ്ഞ് വന്‍ അപകടം. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. റിഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകര്‍ന്നു. ഗംഗ, അളകനന്ദ നദീതീര വാസികളോട് എത്രയും വേഗം ഒഴിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്. ചമോലി ജില്ലയിലെ തപോവന്‍ പ്രദേശത്തെ റെയ്‌നി ഗ്രാമത്തിലാണ് അപകടമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐ അറിയിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലാ ഭരണകൂടം, പോലിസ്, ദുരന്ത നിവാരണ വകുപ്പുകള്‍ എന്നിവരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അഭ്യൂഹങ്ങള്‍ക്കു ചെവികൊടുക്കരുതെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ടി എസ് റാവത്ത് അറിയിച്ചു. ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. പ്രദേശങ്ങളില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.