അട്ടപ്പാടി മധുവധകേസ് ഇന്ന് മണ്ണാർക്കാട് വിചാരണ കോടതി പരിഗണിക്കും
അട്ടപ്പാടി മധുവധകേസ് ഇന്ന് മണ്ണാർക്കാട് വിചാരണ കോടതി പരിഗണിക്കും. കേസിലിന്ന് വിധിയുണ്ടാകുമെന്ന് പ്രോസിക്യൂഷനടക്കം പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 10 നാണ് കേസിന്റെ വിചാരണ പൂർത്തിയായത്.
മധുവധക്കേസിൽ അഞ്ച് വർഷത്തിനിപ്പുറം കോടതി വിധി പറയാനിരിക്കുകയാണ്. ഏറെ അനിശ്ചിതത്വത്തിനൊടുവിലാണ് മണ്ണാർക്കാട് പ്രത്യേക കോടതിയിൽ കേസിന്റെ വിചാരണാ നടപടികൾ പൂർത്തിയായത്. പതിനാറ് പ്രതികളാണ് കേസിൽ ആകെയുള്ളത്. പ്രോസിക്യുഷൻ ഭാഗത്തു നിന്ന് 127 സാക്ഷികളെയും പ്രതിഭാഗത്തിന്റെ ഭാഗത്തു നിന്ന് ആറു സാക്ഷികളെയും വിസ്തരിച്ചു. പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. 24 പേർ വിചാരണ സമയത്ത് കൂറ് മാറുകയും ചെയ്തു. 27 പേരാണ് പ്രാസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്.
അഞ്ച് വർഷത്തിന് ശേഷം കേസിൽ കോടതി വിധി പറയാനിരിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബവും സമരസമിതിയും. കഴിഞ്ഞ പത്തിനാണ് കേസിന്റെ വിചാരണ മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതിയിൽ പൂർത്തിയായത്.