Wednesday, January 8, 2025
Kerala

അട്ടപ്പാടി മധു കേസ്: വിചാരണ വേഗത്തിലാക്കുമെന്ന് കോടതി, ഒരു സാക്ഷി കൂടി കൂറുമാറി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി. ദിവസേന അഞ്ച് സാക്ഷികളെ വിസ്തരിക്കുമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാർക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്. ഓഗസ്റ്റ് 30ന് അകം വിചാരണ പൂർത്തിയാക്കണം എന്നായിരുന്നു ഹൈക്കോടതി നിർദേശം. ഈ നിർദേശം പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും വിചാരണ കോടതി ഓർമിപ്പിച്ചു.

ഇതിനിടെ, അട്ടപ്പാടി മധു കൊലക്കേസിൽ വിചാരണയ്ക്കിടെ വീണ്ടും സാക്ഷി കൂറുമാറി. ഇരുപത്തിയൊന്നാം സാക്ഷി വീരൻ ആണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. ഇരുപതാം സാക്ഷി മരുതൻ എന്ന മയ്യൻ കഴിഞ്ഞ ദിവസം കൂറുമാറിയിരുന്നു. മുക്കാലിയിലുള്ള തേക്ക് പ്ലാന്‍റേഷനിലെ ജിവനക്കാരനാണ് മയ്യന്‍. സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്. രഹസ്യമൊഴി നൽകിയ ഏഴുപേര്‍ കോടതിയിൽ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പൊലീസിന് നൽകിയ മൊഴി കോടതിയിൽ തിരുത്തി. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ  അവസരം കിട്ടിയെന്നാണ് നിയമ വിദഗ്‍ധരുടെ വിലയിരുത്തൽ. 

Leave a Reply

Your email address will not be published. Required fields are marked *