അട്ടപ്പാടി മധുവധക്കേസ് : നിർത്തിവച്ച വിചാരണ നടപടികൾ ഇന്ന് പുനരാരംഭിക്കും
അട്ടപ്പാടി മധുവധക്കേസിൽ നിർത്തിവച്ച വിചാരണ നടപടികൾ ഇന്ന് മണ്ണാർക്കാട് എസ്‌സി-എസ്ടി കോടതിയിൽ പുനരാരംഭിക്കും. സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് ഇന്ന് പുനരാരംഭിക്കുക.
കേസിലെ 15 സാക്ഷികളെയാണ് കോടതി ഇതുവരെ വിസ്തരിച്ചത്.122 സാക്ഷികളുള്ള കേസിൽ ദിവസവും ഇനി അഞ്ച് സാക്ഷികളെ വെച്ച് വിസ്തരിക്കാനാണ് കോടതിയുടെ തീരുമാനം.കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി വിചാരണാ കോടതിക്ക് നിർദേശം നൽകിയിരുന്നു.
അതേസമയം, അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സങ്കടകരമായ സാഹചര്യമാണ് മധുവിന്റെ കുടുംബത്തിന്റെതെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.മധുവിൻറെ അമ്മയും സഹോദരിയും അനുഭവിച്ച വേദനയ്ക്ക് ഒപ്പം ചേരുന്നുവെന്നും ഗവർണർ പറഞ്ഞു. ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് ഗവർണർ മധുവിന്റെ അമ്മയെയും സഹോദരിയെയും കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവ രേഖാമൂലം തരാൻ നിർദേശിച്ചുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഗവർണറുടെ സന്ദർശനം ഊർജം നൽകുന്നുവെന്ന് സഹോദരി സരസു മാധ്യമങ്ങളോട് പറഞ്ഞു.തങ്ങൾക്ക് ഇപ്പോഴും ഭീഷണി ഉണ്ടെന്നു മധുവിന്റെ കുടുംബം ഗവർണറെ അറിയിച്ചു. കേസിലെ സ്‌പെഷ്യൽ പബ്ലിക്‌പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് ശമ്പളം അനുവദിക്കാൻ ഇടപെടണമെന്നും ഗവർണറോട് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.