Saturday, January 4, 2025
Kerala

മധു വധക്കേസ്: വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും

സമൂഹമനസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു വധക്കേസ് ഇന്ന് മണ്ണാർക്കാട് എസ് സി – എസ്ടി കോടതിയിൽ. കേസിലെ വിധി പ്രസ്താവം എന്നുണ്ടാകുമെന്ന് കോടതി ഇന്ന് അറിയിച്ചേക്കും. മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട് അഞ്ചുവർഷത്തിന് ശേഷമാണ് മണ്ണാർക്കാട് എസ് എസി – എസ് ടി കോടതിയിൽ കേസിന്റെ വാദം പൂർത്തിയായത്. 127 സാക്ഷികളിൽ 24 പേർ തുടർച്ചയായി കൂറുമാറിയ കേസിൽ നിരവധി നാടകീയ നീക്കങ്ങളും കോടതിയിൽ ഉണ്ടായിരുന്നു.

2018 ഫെബ്രുവരി 22ന് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മരണമായിരുന്നു അട്ടപ്പാടിയിലെ മധുവിന്റേത്. ഈ മാസം അവസാനം മണ്ണാർക്കാട് എസ്സി എസ്ടി കോടതി കേസിൽ വിധി പറഞ്ഞേക്കും. കേസിൽ പ്രോസിക്യൂഷന് വലിയ പ്രതീക്ഷയുണ്ടെന്ന് സ്‌പെഷ്യൽ പ്രോക്സിക്യൂട്ടർ രാജേഷ് എം മേനോൻ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു. തെളിവുകളും സാക്ഷി മൊഴികളും കൃത്യമായി കോടതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്, മധുവിന്റെ കുടുംബം വലിയ പ്രതീക്ഷയിലെന്നും രാജേഷ് എം മേനോൻ പറഞ്ഞു.

ചിണ്ടക്കി ആദിവാസി ഊരിലെ കുറുമ്പ സമുദായക്കാരനായിരുന്നു മധു. വീട്ടിൽ നിന്ന് അകന്ന് കാട്ടിലെ ഗുഹയിൽ കഴിഞ്ഞു വരികയായിരുന്നു. 2018 ഫെബ്രുവരി 22നാണ് മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു കൂട്ടം ആളുകൾ മധുവിനെ തല്ലി കൊന്നത്. അഞ്ചു വർഷം കഴിഞ്ഞിട്ടും നീതി തേടി അലയുകയാണ് ഈ ആദിവാസി കുടുംബം. വിചാരണ തുടങ്ങാൻ തന്നെ വർഷങ്ങളെടുത്ത കേസിൽ അപ്രതീക്ഷിതമായ പല സംഭവങ്ങളും നടന്നു.

കേസിൽ നിരവധി സാക്ഷികൾ കൂറുമാറി. മധുവിന്റെ ബന്ധുക്കൾ ഉൾപ്പെടെ 127 സാക്ഷികളിൽ 24 പേർ കൂറുമാറി. ഒപ്പം കുടുംബത്തിന് നേരെ നിരന്തര ഭീഷണികൾ. എന്നാൽ മകൻ്റെ കൊലയാളികളെ നിയമം കൊണ്ട് നേരിടുമെന്ന് അമ്മ മല്ലിയും സഹോദരി സരസുവും പറയുന്നു. മധു മരിച്ചതിന്റെ അഞ്ചാം വർഷത്തിൽ കേസിൽ കോടതി അന്തിമ വാദത്തിലേക്ക് കടക്കുകയാണ്. അവസാന ഘട്ടത്തിലെ വൈകിയ വേളയിലും കോടതിയിൽ വിശ്വാസം അർപ്പിക്കുകയാണ് മധുവിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *