നന്ദിനി തൈര് പാക്കറ്റിൽ ‘ദഹി’ എന്ന് ഉപയോഗിക്കണം; ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള പുതിയ നീക്കവുമായി ഫുഡ് സേഫ്റ്റി അധികൃതർ
നന്ദിനി തൈര് പാക്കറ്റിന്റെ പേരിനെ ചൊല്ലി വിവാദം. നന്ദിനി കമ്പനി ഉത്പാദിപ്പിക്കുന്ന തൈര് പാക്കറ്റിൽ തൈര് എന്ന പദത്തിന്റെ കന്നഡയായ ‘മൊസരു’ ബ്രാക്കറ്റിൽ മാത്രം നൽകി ഹിന്ദി പദമായ ‘ദഹി’ വലുതായി ഉപയോഗിക്കണമെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ കർണാടക മിൽക്ക് ഫെഡറേഷന് നിർദേശം നൽകി.
സമാന നിർദേശം തമിഴ്‌നാട് കോപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനും എഫ്എസ്എസ്എഐ നൽകിയിട്ടുണ്ട്. തമിഴ് പദമായ ‘തൈർ’ എന്നത് ബ്രാക്കറ്റിൽ നൽകണമെന്നാണ് നിർദേശം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കത്തെ വ്യാപകമായി വിലയിരുത്തുന്നത്.
കർണാടകത്തിലെ ഏറ്റവും വലിയ പാൽ ഉത്പാദകരായ ബെഗളൂരു മിൽക്ക് യൂണിയൻ ലിമിറ്റഡ് പ്രസിഡന്റ് നരസിംഹമൂർത്തി എഫ്എസ്എസ്എഐ നടപടിയെ വിമർശിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ഇത്തരം നീക്കങ്ങൾ പ്രാവർത്തികമാക്കില്ലെന്നും എഫ്എസ്എസ്എഐക്ക് ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.