ഇന്ത്യക്കാരനായാല്‍ ഹിന്ദി അറിഞ്ഞിരിക്കണം; കസ്റ്റമര്‍ കെയറിന്റെ മോശം പെരുമാറ്റത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ
ഹിന്ദി അറിയില്ലെന്ന കാരണം പറഞ്ഞ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഉപഭോക്താവിനോട് കസ്റ്റമര്‍ കെയര്‍ ഏജന്റ് മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് സൊമാറ്റോ. സംഭവത്തില്‍ ഫുഡ് ഡെലിവറി ആപ്പിനെതിരെ വ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉപഭോക്താവിനോട് മാപ്പ് പറഞ്ഞ് സൊമാറ്റോ രംഗത്തെത്തിയത്.
ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ഒരു വിഭവം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു വികാസ് എന്ന ഉപഭോക്താവ് കസ്റ്റമര്‍ കെയറിനെ സമീപിച്ചത്. ഹിന്ദി ദേശീയഭാഷയാണെന്നും, ഇന്ത്യക്കാരനായാല്‍ അല്‍പമെങ്കിലും ഹിന്ദി അറിഞ്ഞിരിക്കണമെന്നുമായിരുന്നു സംസാരത്തിനിടെ കസ്റ്റമര്‍ കെയര്‍ ഏജന്റ് വികാസിനോട് പറഞ്ഞത്.
പണം നല്‍കി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കാത്തതില്‍ വികാസ് ഹോട്ടലില്‍ വിളിച്ച് പരാതിപ്പെട്ടപ്പോഴാണ് സൊമാറ്റോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാന്‍ പറഞ്ഞത്. പണം നല്‍കുന്ന കാര്യം സ്ഥിരീകരിക്കാന്‍ കസ്റ്റമര്‍ കെയര്‍ ഏജന്റ് ഹോട്ടലുമായി ബന്ധപ്പെട്ടു, എന്നാല്‍ തമിഴ് അറിയാത്തതിനാല്‍ അവര്‍ പറഞ്ഞത് ഏജന്റിന് മനസിലായില്ല. ഇത് വികാസിനെ അറിയിക്കുന്നതിനിടെയായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്.