കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാൻ അനുനയ നീക്കവുമായി കെ.സി വേണുഗോപാൽ; കെ.സുധാകരനെയും എം.പിമാരെയും ചർച്ചക്ക് വിളിച്ചു
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അനുനയ നീക്കവുമായി നേതൃത്വം. കെ. സുധാകരനെയും എംപിമാരെയും കെ.സി വേണുഗോപാൽ ചർച്ചക്ക് വിളിച്ചു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് നടപടി. ഏഴ് എംപിമാർ പരാതി അറിയിച്ചതിനെ തുടർന്നാണ് നടപടി.ഇന്ന് വൈകുന്നേരം ചർച്ച നടന്നേക്കും.
നേതൃത്വത്തിന് എതിരായ പരസ്യവിമർശനത്തിൽ എം.കെ. രാഘവനും കെ മുരളീധരനും കെപിസിസി താക്കീത് നൽകിയിരുന്നു. ഇതാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കിയത്. എംപിമാർ മുരളീധരന് പിന്തുണയർപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് അനുനയ നീക്കത്തിന് ഒരുങ്ങിയത്.
അതേസമയം താൻ ഇന്നലെ പറഞ്ഞതിൽ നിന്ന് മാറ്റമില്ലെന്നും ചർച്ചകൾ നടക്കട്ടെ എന്നും മുരളീധരൻ പറഞ്ഞു. എല്ലാം പാർട്ടിക്ക് വിട്ടുകൊടുക്കുന്നു, ചർച്ച നടന്നാൽ മാത്രമേ പ്രശ്ന പരിഹാരം ഉണ്ടാകുമോ എന്ന് പറയാൻ കഴിയൂ എന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുരളീധരൻ കൂട്ടിച്ചേർത്തു.