കോഴിക്കോട്ട് സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസും, പരാതി
കോഴിക്കോട് : സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്രയിലാണ് ജാഥയിലേക്ക് ആളുകളെ എത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ചത്. പേരാമ്പ്ര മുതുകാട് പ്ലാന്റേഷൻ ഹൈസ്കൂളിലെ ബസിലാണ് പ്രവർത്തകരെ എത്തിച്ചത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഡി ഡി ഇ ക്ക് പരാതി നൽകി.
അതിനിടെ, കണ്ണൂരിൽ, എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളെ സിപിഎം പഞ്ചായത്ത് മെമ്പര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ പുറത്ത് വന്നു. തളിപ്പറമ്പിലെ ജാഥക്ക് എത്താത്തവർക്ക് പിന്നീട് തൊഴിലുറപ്പ് ജോലി നൽകുന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നായിരുന്നു ഭീഷണി സന്ദേശം.
കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ എ പി സുജിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശമയച്ചത്. ജാഥയിൽ വരാൻ അസൗകര്യമുള്ളവർ തന്നെ വിളിക്കണമെന്നും അവർക്കുള്ള മറുപടി താൻ നേരിട്ട് നൽകുമെന്നും സുജിത്ര വാട്സാപ് സന്ദേശത്തിൽ പറയുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു പഞ്ചായത്ത് മെമ്പറുടെ ഭീഷണി സന്ദേശം.എന്നാൽ ഭീഷണിപ്പെടുത്തി ജാഥയ്ക്ക് ആളെ എത്തിക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞ എം.വി.ഗോവിന്ദൻ സുജിത്രയുടെ ആഹ്വാനത്തെ തള്ളി.