ലൈഫ് മിഷൻ കേസ്; എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ശിവശങ്കറിനെ കലൂരിലെ പി എം എൽ എ കോടതിയിൽ ഇന്ന് ഉച്ചയോടെ ഹാജരാക്കും. ഇഡി ആവശ്യപ്പെട്ടതനുസരിച്ച് നാലുദിവസം കൂടി ശിവശങ്കറിനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.
കേസിൽ സ്വപ്ന സുരേഷുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ തൻ്റെ തന്നെയെന്ന് എം ശിവശങ്കർ സമ്മതിച്ചതായാണ് സൂചന. ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വ്യാപ്തിയുള്ളതാണ് എന്നാണ് ഇ ഡി കോടതിയിൽ അറിയിച്ചിരുന്നത്. ശിവശങ്കറിൽ നിന്ന് ലഭിച്ചിട്ടുള്ള തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിൽ ആണ് കേസിൽ സി എം രവീന്ദ്രനെയും ഇഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിഎം രവീന്ദ്രന് ഇഡി നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇതിന് മറുപടി നൽകിയിട്ടില്ല.
ലൈഫ് മിഷൻ കോഴ കേസുമായി ബന്ധപ്പെട്ട് എം.ശിവശങ്കറിനെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ ഇ.ഡി തീരുമാനിച്ചിരുന്നു. കോടതിയിൽ കൈമാറിയ കസ്റ്റഡി എക്സ്റ്റെൻഷൻ റിപ്പോർട്ടിലാണ് കൂടുതൽ അന്വേഷണം നടത്തുന്നതിനായുള്ള വിവരങ്ങൾ ലഭിച്ചതായി ഇ.ഡി ചൂണ്ടിക്കാണിച്ചത്.
ആദ്യ ഘട്ടത്തിൽ കോഴ കേസുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഈ വിവരങ്ങൾ അടിസ്ഥാനമാക്കി ശിവശങ്കർ ഉൾപ്പെട്ട മറ്റ് സർക്കാർ പദ്ധതികളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. പല സർക്കാർ പദ്ധതികളിലേയും സുപ്രധാന വിവരങ്ങൾ ശിവശങ്കറും സ്വപ്നയും തമ്മിൽ കൈമാറിയെന്ന് ഇ.ഡി കസ്റ്റഡി എക്സ്റ്റെൻഷൻ റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.
ശിവശങ്കർ പറഞ്ഞിട്ടാണ് സ്വപ്നക്ക് ജോലി നൽകിയതെന്ന് KSITIL എം.ഡി ജയശങ്കർ പ്രസാദ് ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷനിലെ മുഴുവൻ നടപടിയും ശിവശങ്കറിൻറെ നിർദേശപ്രകാരമെന്ന് യു.വി ജോസും മൊഴി നൽകിയതായി ഇ.ഡി വ്യക്തമാക്കി. ഈ രണ്ടു മൊഴികളും ശിവശങ്കറിന് പൂർണമായും എതിരാണ് എന്നതിന് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു.