Saturday, January 4, 2025
Kerala

ലൈഫ് മിഷൻ അഴിമതി; ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, കോടതിയിൽ ഹാജരാക്കും

ലൈഫ് മിഷൻ അഴിമതിക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഉച്ചയ്ക്കുശേഷം ശിവശങ്കറിനെ ഇ ഡി കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും. അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും കോടതിയെ റിമാൻ‍ഡ് റിപ്പോ‍ർട്ടിലൂടെ അറിയിക്കും. ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി ജോസിന്‍റെയും ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലിന്‍റെയും മൊഴികൾ അടക്കമുള്ള വിവരങ്ങൾ അന്വേഷണസംഘം കോടതിയെ ബോധ്യപ്പെടുത്തും.

മുഖ്യമന്ത്രിയുടെ അഡീഷണ‌ൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനും ഇ ഡി ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധ നീട്ടണമെന്നും ആവശ്യപ്പെടാൻ സാധ്യതയുണ്ട്.സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് പിടികൂടിയ പണം ലൈഫ് മിഷൻ കോഴയായി കിട്ടിയ കള്ളപ്പണമാണെന്ന പ്രതികളുടെ മൊഴികളിലാണ് ഇ.ഡി ശിവശങ്കറിനെ ചോദ്യംചെയ്തത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തത്. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റെന്നും തനിക്കെതിരെ തെളിവില്ലാതെ കെട്ടിച്ചമച്ച കേസാണിതെന്നുമാണ് ശിവശങ്കറിന്‍റെ വാദം. രണ്ട് ദിവസമായി കൊച്ചി ഇ.ഡി ഓഫീസിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴ ഇടപാടിൽ ശിവശങ്കറിന്‍റെ പങ്കിൽ തെളിവ് ലഭിച്ചെന്ന് ഇ.ഡി പറയുന്നു. ലൈഫ് മിഷൻ കോഴ ഇടപാടിലെ ആദ്യ അറസ്റ്റാണ് ശിവശങ്കറിന്‍റേത്.

Leave a Reply

Your email address will not be published. Required fields are marked *