സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ട് പങ്കെന്ന് കസ്റ്റംസ്; കസ്റ്റഡി കാലാവധി ഡിസംബർ 22 വരെ നീട്ടി
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് സുപ്രധാന പങ്കുണ്ടെന്ന് കസ്റ്റംസ് റിപ്പോർട്ട്. കേസുമായി ശിവശങ്കറിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവ് ലഭിച്ചെന്നും കേരളാ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും കസ്റ്റംസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
രണ്ടാഴ്ച നടത്തിയ ചോദ്യം ചെയ്യലിലെ സുപ്രധാന ചോദ്യങ്ങളിൽ നിന്ന് ശിവശങ്കർ ഒഴിഞ്ഞുമാറുന്നു. കൂടുതൽ പേർക്കൊപ്പം ശിവശങ്കറെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത സംഭവങ്ങളാണ് കേസിൽ നടന്നിട്ടുള്ളതെന്നും കസ്റ്റംസ് പറഞ്ഞു
തുടർന്ന് ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി. ഡിസംബർ 22 വരെയാണ് കാലാവധി നീട്ടി നൽകിയത്. ശിവശങ്കർ ഉന്നത പദവി അലങ്കരിക്കുന്ന കാലഘട്ടത്തിൽ പല വിവരങ്ങളും സ്വപ്‌നയുമായി പങ്കുവെച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. സർക്കാരിന്റെ ഭാവി പദ്ധതികൾ പുറത്തുവിട്ടത് രാജ്യത്തിന്റെ സുരക്ഷയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.