മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം തട്ടിയ സംഭവം; വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വിജിലൻസിന്റെ ഫീൽഡ് തല പരിശോധന ഇന്നും തുടരും. പിടിച്ചെടുത്ത ഫയലുകൾ പരിശോധിക്കുന്നതിനും സംശയമുള്ള കേസുകൾ നേരിട്ട് വിലയിരുത്തുന്നതിനുമാണ് ഇന്ന് പരിശോധന നടത്തുക.
ഓരോ ജില്ലയിലും നടന്നിട്ടുള്ള തട്ടിപ്പുകളുടെ ആഴം കണ്ടെത്തുകയാണ് വിജിലൻസിന്റെ അന്വേഷണത്തിന്റെ ലക്ഷ്യം. തുടർനടപടിക്ക് മുഖ്യമന്ത്രി നിർദ്ദേശിച്ച സാഹചര്യത്തിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് തീരുമാനിച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിനുശേഷമാകും തീരുമാനിക്കുക. സംസ്ഥാനതലത്തിൽ തന്നെ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്.
റിപ്പോർട്ട് ലഭിച്ച ശേഷം ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളിലും തീരുമാനമെടുക്കും. തുക തട്ടിയെടുത്തു എന്ന് വ്യക്തമായ സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സർക്കാർ കടക്കും. ഇതോടൊപ്പം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തട്ടിയെടുത്ത തുക, ആരുടെയൊക്കെ പേരിലാണ് തട്ടിപ്പ്, ഏജൻ്റുമാരെ സഹായിച്ച ഉദ്യോഗസ്ഥർ ആരൊക്കെ എന്നതും വിജിലൻസ് അന്വേഷിക്കുന്നുണ്ട്.