അനധികൃത സ്വത്തുസമ്പാദനം; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരേ പാര്‍ട്ടിതല അന്വേഷണം
പത്തനംതിട്ട ജില്ലാസെക്രട്ടറി എ.പി.ജയനെതിരെ നാലംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം. അനധികൃത സ്വത്തുപയോഗിച്ച് അടൂരില്‍ ആറ് കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. നേരത്തെ സംസ്ഥാന എക്‌സിക്യുട്ടീവ് നിയോഗിച്ച ഏകാംഗ കമ്മീഷന്‍ എ.പി.ജയനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.
പാര്‍ട്ടിയില്‍ നിന്നുകൊണ്ട് അടൂരിലെ വീടിനു സമീപം ആറു കോടി രൂപയുടെ ഫാം സ്വന്തമാക്കിയെന്ന ആരോപണത്തിലാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിക്കെതിരായ സിപിഐ അന്വേഷണം. കെ.കെ.അഷ്‌റഫ്, ആര്‍.രാജേന്ദ്രന്‍, സി.കെ.ശശിധരന്‍, പി.വസന്തം എന്നിവരടങ്ങുന്ന കമ്മീഷനാണ് അന്വേഷണം നടത്തുക. ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് എ.പി.ജയനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.കെ.അഷ്‌റഫിനെ നേരത്തെ സംസ്ഥാന എക്‌സിക്യുട്ടീവ് പ്രാഥമിക അന്വേഷണത്തിനായി നിയോഗിച്ചു.
പരാതിയില്‍ കഴമ്പുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നാലംഗ കമ്മീഷനെ തീരുമാനിച്ചിരിക്കുന്നത്. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. ജില്ലാ പഞ്ചായത്തംഗമായ ശ്രീനാദേവി കുഞ്ഞമ്മ പാര്‍ട്ടി സമ്മേളന ഘടത്തില്‍ തന്നെ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ എ.പി.ജയന്‍ തന്നെ വീണ്ടും ജില്ലാ സെക്രട്ടറിയാവുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കിയത്.