കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്; എ.അനില്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടു
കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതുമായി ബന്ധപ്പെട്ട് മറ്റാര്‍ക്കെങ്കിലും കൂടി പങ്കുണ്ടോ എന്നടക്കം പരിശോധിക്കുന്നതിനാണ് അനില്‍കുമാറിനെ കസ്റ്റഡിയില്‍ വിടുന്നത്. ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും പങ്കും അന്വേഷിക്കും.
ഈ മാസമാദ്യമാണ് എ അനില്‍കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മധുരയില്‍ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്. പണം വാങ്ങിയാണ് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയതെന്ന് അനില്‍കുമാര്‍ മൊഴി നല്‍കി. കൂടുതല്‍ കാര്യങ്ങള്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം വെളിപ്പെടുത്തുമെന്നും അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പൊലീസ് അനില്‍കുമാറിനെ തിരഞ്ഞ് ആലപ്പുഴയിലും പരിസരത്തും കറങ്ങി നടക്കുമ്പോള്‍ തമിഴ്‌നാട്ടിലായിരുന്നു ഇയാള്‍. തിരുപ്പതി, രാമേശ്വരം, ദിണ്ഡികല്‍ എന്നിവിടങ്ങളിലും അനില്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞെന്ന് പൊലീസ് പറഞ്ഞു. തൃക്കാക്കര എ സി ഓഫീസിലെത്തിച്ച് അനില്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു പൊലീസ്.
കളമശേരി നഗരസഭയിലെ ജനന, മരണ രജിസ്റ്റര്‍ കൈകാര്യം ചെയ്യുന്ന താത്ക്കാലിക ജീവനക്കാരി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. എ.അനില്‍കുമാര്‍ തന്നെ സമീപിച്ച് ജനന സര്‍ട്ടിഫിക്കറ്റിലെ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ജീവനക്കാരി പരാതിയില്‍ പറഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ തൃപ്പൂണിത്തുറയില്‍ നിന്നുള്ള ദമ്പതികളുടെ കുഞ്ഞിന് വേണ്ടിയെന്ന നിലയില്‍ തയ്യാറാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും ഇങ്ങനെയൊരു പ്രസവം നടന്നിട്ടില്ലെന്നും വ്യക്തമാകുകയായിരുന്നു.