ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസ് മുടങ്ങി; കേരളത്തിൽ കുടുങ്ങി ദ്വീപ് നിവാസികൾ
ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസ് മുടങ്ങിയതോടെ കേരളത്തിൽ കുടുങ്ങി ദ്വീപ് നിവാസികൾ. സർവീസ് നടത്തുന്ന ഏക കപ്പലിൽ കയറിപ്പറ്റാനുള്ള ശ്രമത്തിനായി തിക്കും തിരക്കുമാണ് ടിക്കറ്റ് കൗണ്ടറുകളിൽ. ചികിത്സയ്ക്കും പഠനത്തിനുമായി എത്തിയവരാണ് ആഴ്ചകളായി കുടുങ്ങിക്കിടക്കുന്നത്.
കൊച്ചിയിൽ നിന്നും ബേപ്പൂരിൽ നിന്നുമായി 7 കപ്പലുകളും 3 ഹൈസ്പീഡ് വെസലുകളുമാണ് സർവീസ് നടത്തിയിരുന്നത്. എന്നാൽ ഇന്ന് സർവീസ് നടത്തുന്നത് കൊച്ചിയിൽ നിന്നുള്ള എംവി ലഗൂൺസ് മാത്രം. ഇതിൽ കയറിപ്പറ്റാനാണ് രണ്ടായിരത്തിലധികം ദ്വീപ് നിവാസികൾ കൊച്ചിയിലും ബേപ്പൂരും ടിക്കറ്റിനായി കാത്ത് നിൽക്കുന്നത്. ആയിരത്തി അഞ്ഞൂറ് രൂപയുടെ ആശുപത്രി ആവശ്യത്തിനായി കേരളത്തിലെത്തിയവർക്ക് താമസത്തിന് മാത്രമായി പതിനായിരങ്ങൾ മുടക്കേണ്ട അവസ്ഥയാണ്.
രണ്ട് കപ്പലുകളുടെ കാലാവധി കഴിഞ്ഞതും, ബാക്കിയുള്ളവ അറ്റകുറ്റപണികൾക്കായി കയറ്റിയതുമാണ് ദ്വീപ് നിവാസികളെ കരയിൽ കുരുക്കിയത്.