Wednesday, April 16, 2025
World

ഒമിക്രോണിനെതിരെ പുതിയ വാക്‌സിന്‍; നൂറു ദിവസത്തിനുള്ളില്‍ വികസിപ്പിക്കുമെന്ന് ഫൈസറും ബയോഎന്‍ടെകും

 

ന്യൂയോര്‍ക്ക്: കൊവിഡ്-19ന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നിലവിലുള്ള വാക്‌സിനുകള്‍ ഫലപ്രദമാകുമോയെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ പുതിയ വാക്‌സിനുകള്‍ വികസിപ്പിക്കുമെന്ന് മരുന്നുകമ്പനികളായ ഫൈസറും ബയോണ്‍ടെകും അറിയിച്ചു.

പുതിയ വകഭേദത്തിനെതിരെ തങ്ങളുടെ നിലവിലെ വാക്സിന്‍ ഫലപ്രദമാകുമോ എന്നുറപ്പില്ലെന്നും അതിനാല്‍ നൂറു ദിവസത്തിനുള്ളില്‍ പുതിയ വാക്‌സിന്‍ വികസിപ്പിക്കുമെന്നും കമ്പനികള്‍ പ്രസ്താവനയില്‍ പറയുന്നു. ഒമിക്രോണിന്റെ വിവരങ്ങള്‍ കമ്പനി ശേഖരിച്ചുവരികയാണ്. പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം കൊവിഡിന്റെ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും മാരകമായ വകഭേദമാണ്.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്നും വളരെയേറെ ജനിതകമാറ്റം സംഭവിച്ച പുതിയ വകഭേദം അതിതീവ്ര വ്യാപന ശേഷിയുള്ളതാണെന്ന് വിദഗ്ധര്‍ പറയുന്നു. അതിമാരകമായ ഈ വകഭേദത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.

ബോട്സ്വാന, ബെല്‍ജിയം, ഹോങ്കോങ്, ഇസ്രയേല്‍ എന്നിവിടങ്ങള്‍ക്കു പിന്നാലെ ജര്‍മനിയിലും ചെക്ക് റിപ്പബ്ലിക്കിലും ബ്രിട്ടണിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസ്, ആസ്‌ട്രേലിയ, ജപ്പാന്‍, ഇറാന്‍, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24ന് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച പുതിയ വകഭേദത്തിനെ ലോകാരോഗ്യസംഘടന ആശങ്കാജനകമായ വകഭേദങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തുന്നത്. ഒമിക്രോണ്‍ ഇതിനോടകം മറ്റിടങ്ങളിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്നതിനാല്‍ യാത്രാനിരോധനങ്ങളില്‍ കഴമ്പില്ലെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *