ഇന്ധന വില കുത്തനെ ഉയർത്തി പാകിസ്താൻ
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിൽ ഇന്ധന വില കുത്തനെ ഉയർത്തി പാകിസ്താൻ. പെട്രോൾ ഡീസൽ വില ലിറ്ററിന് 35 രൂപ വർധിപ്പിച്ചു. പാകിസ്താൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിന് പിന്നാലെയാണ് നീക്കം.
ഓയിൽ ആൻഡ് ഗ്യാസ് അധികൃതരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകൾ വർധിപ്പിച്ചതെന്ന് പാക്ക് ധനമന്ത്രി ഇഷാഖ് ദാർ പറഞ്ഞു. വിലക്കയറ്റം പ്രതീക്ഷിച്ച് കൃത്രിമ ക്ഷാമവും ഇന്ധന പൂഴ്ത്തിവക്കലും നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിനെ ചെറുക്കാനാണ് ഈ വിലക്കയറ്റം ഉടനടി നടപ്പാക്കുന്നതെന്നും ദാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
പാകിസ്താന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൃദ്ധിക്കും ഉത്തരവാദി അള്ളാഹുവായിരുന്നു എന്ന് ദാർ പറഞ്ഞതിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ പ്രസ്താവന. “അള്ളാഹുവിന് പാകിസ്താനെ സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, രാജ്യത്തെ സംരക്ഷിക്കാനും വികസിപ്പിക്കാനും അഭിവൃദ്ധിപ്പെടുത്താനും കഴിയും” ദാർ പറഞ്ഞു.