ഹിജാബ് വിരുദ്ധ പ്രതിഷേധം; 10 ദിവസത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ടവർ 75 പേർ
ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ 10 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 75 പേരെന്ന് പ്രതിഷേധ സംഘടന. മൂന്ന് പതിറ്റാണ്ടോളമായി ഏകാധിപത്യ ഭരണം തുടരുന്ന ആയതൊള്ള ഖമൈനിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് ഇപ്പോൾ ഹിജാബ് വിരുദ്ധ പ്രതിഷേധം നടക്കുന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ കടുത്ത പ്രതിഷേധം തുടരുകയാണ്.
പ്രതിഷേധം നടക്കുന്ന ഇടങ്ങളിലൊക്കെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടാവുന്നുണ്ട്. സെപ്തംബർ 17ന് ആരംഭിച്ച പ്രതിഷേധത്തിൽ 1200ലധികം പേർ അറസ്റ്റിലായി. ഔദ്യോഗിക കണക്ക് പ്രകാരം ആകെ മരണം 13 മാത്രമാണ്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ഇൻസ്റ്റഗ്രാം, ലിങ്ക്ഡിൻ, വാട്സപ്പ് എന്നീ ആപ്പുകളുടെ പ്രവർത്തനം പരിമിതപ്പെടുത്തിയിരിക്കുകയാണ്.
ഹിജാബിന് പുറത്ത് മുടിയിഴകൾ കണ്ടുവെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് അടിച്ചുകൊന്ന മഹ്‌സ അമിനി എന്ന 22കാരിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആയിരങ്ങളാണ് തെരുവിൽ ഇറങ്ങിയത്. സ്ത്രീകൾ മുടിമുറിച്ചും ഹിജാബ് കത്തിച്ചുമാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ലണ്ടൻ, ഫ്രാൻസ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമ സ്റ്റേജിലായിരുന്ന മഹ്സ അമിനി എന്ന ഇറാൻ മുൻ ഫുട്ബോൾ താരം കൂടിയായ യുവതി കഴിഞ്ഞയാഴ്ചയാണ് മരിച്ചത്. മഹ്സയുടെ മരണം ദാരുണമെന്ന് വിശേഷിപ്പിച്ച് ഇറാൻ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ വാർത്ത നൽകിയതിന് പിന്നാലെയാണ് പരസ്യ പ്രതിഷേധങ്ങളിലേക്ക് കാര്യങ്ങളെത്തിയത്. ഹിജാബ് കത്തിച്ചും മുടിമുറിച്ചും ഇറാനിലെ സ്ത്രീകൾ ഭരണകൂടത്തെ വെല്ലുവിളിച്ചതോടെ പ്രതിഷേധം പ്രക്ഷോഭത്തിലേക്കെത്തുകയായിരുന്നു.
>