പോളണ്ടിലെ മലയാളി യുവാവിന്റെ മരണം; മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും
പോളണ്ടിൽ മലയാളി കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും. കൊലപാതകം ആയതിനാൽ ഒരാഴ്ചയെങ്കിലും സമയം എടുക്കും. അറസ്റ്റിലായ വീട്ടുടമയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് പോരുന്നു. കൊലപാതക കാരണം ഇനിയും വ്യക്തമായിട്ടില്ല.
പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. പോളണ്ട് സ്വദേശിക്കൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്.
തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിയുന്നത്. ഇബ്രാഹിം ഷെരീഫിന്റെ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി പൊലീസിനെ നിരന്തരം ബന്ധപ്പെടുന്നതായും എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.