കോവിഡ് വാക്‌സിന്‍ പരീക്ഷണ ഫലം ഇന്ന്; ഓക്‌സ്‌ഫോര്‍ഡില്‍ പ്രതീക്ഷയർപ്പിച്ച് ലോകം
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പ്രാഥമിക പരീക്ഷണ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഇതിനോടകം തന്നെ ആറ് ലക്ഷം പേരുടെ ജീവനെടുത്ത കൊറോണവൈറസ് മഹാമാരിയെ തടഞ്ഞു നിര്‍ത്തുന്നതിനായി ലോകം വന്‍ പ്രതീക്ഷയോടെയാണ് ഫലം കാത്തിരിക്കുന്നത്.
കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങളില്‍ മുന്‍പന്തിയിലായിരുന്നു ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. ഇവര്‍ വികസിപ്പിച്ച വാക്‌സിന്‍ നിലവില്‍ ബ്രസീലില്‍ മനുഷ്യരിലുള്ള പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടത്തിലാണ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസയോഗ്യമാണെങ്കില്‍ വാക്‌സിന്‍ പ്രാരംഭ ഘട്ടത്തില്‍ മികച്ച ഫലങ്ങള്‍ കാണിക്കുകയും കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ പകരുന്നുമെന്നുമാണ് വിവരം.
മനുഷ്യരിലെ പ്രാരംഭ പരീക്ഷണങ്ങളുടെ ഫലം ദ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിലാകും ഇന്ന് പ്രസിദ്ധീകരിച്ച് പുറത്തുവരിക.
തങ്ങളുടെ വാക്‌സിന്‍ കോവിഡില്‍ നിന്ന് ഇരട്ട സംരക്ഷണം ഉറപ്പാക്കുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അതേ സമയം വാക്‌സിന്‍ എന്ന് വിപണയില്‍ എത്തുമെന്നതിനെ കുറിച്ച് കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു. സെപ്റ്റംബറോടെ വിപണിയില്‍ എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് നടത്തിവരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.