Saturday, April 12, 2025
Top News

രക്തം നൽകൂ സ്പന്ദനം നിലനിർത്തൂ: ലോക രക്തദാതാ ദിനാചരണം ഇന്ന്

 

ലോക രക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 14ന് വൈകുന്നേരം 3 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിക്കും. സന്നദ്ധ രക്തദാനത്തിന്റെ ആവശ്യകത, മഹത്വം എന്നിവയെക്കുറിച്ച് എല്ലാ വിഭാഗം ജനങ്ങളിലും അവബോധം സൃഷ്ടിക്കുക, ദശലക്ഷക്കണക്കിന് ആൾക്കാരുടെ ജീവൻ രക്ഷിക്കാൻ വർഷംതോറും സന്നദ്ധമായി രക്തദാനം ചെയ്തവരെ ആദരിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കപ്പെടുന്നത്. ‘രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ’ എന്നുള്ളതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

നമ്മുടെ സംസ്ഥാനത്ത് പ്രതിവർഷം ശരാശരി നാല് ലക്ഷം യൂണിറ്റ് രക്തം ആവശ്യമായി വരുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം മൂന്നേമുക്കാൽ ലക്ഷത്തോളം യൂണിറ്റ് രക്തം ശേഖരിക്കപ്പെട്ടു. ഇതിൽ സന്നദ്ധ രക്തദാതാക്കളിൽ നിന്നും ലഭിച്ചിട്ടുള്ളത് 70 ശതമാനം മാത്രമാണ്. ഇത് വർധിപ്പിക്കണം.
18നും 65നും മധ്യേ പ്രായവും കുറഞ്ഞത് 45 കിലോഗ്രാം ഭാരവും ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാൾക്കും മൂന്ന് മാസം കൂടുമ്പോൾ രക്ത ദാനം ചെയ്യാം. കൃത്യമായ ഇടവേളകളിൽ രക്തദാനം ചെയ്യുന്നതിലൂടെ ദാതാവിനും ഒട്ടേറെ ഗുണങ്ങളുണ്ട്. ഇന്ത്യയിൽ രക്തദാനം ചെയ്യുന്നവരിൽ ആറ് ശതമാനം മാത്രമാണ് സ്ത്രീകൾ. എന്നാലിപ്പോൾ ധാരാളം പെൺകുട്ടികൾ മുന്നോട്ട് വരുന്നുണ്ട്. ഈ കോവിഡ് കാലത്ത് രക്തദാനത്തിന് വളരെയേറെ പ്രസക്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *