Wednesday, January 8, 2025
National

വിചാരണ കഴിഞ്ഞെങ്കില്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ?; സുപ്രിംകോടതി

വിചാരണ പൂര്‍ത്തിയായെങ്കില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ എന്ന് സുപ്രിംകോടതി. ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണയില്‍ അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ മഅദനി ബെംഗളൂരുവില്‍ തന്നെ തുടരേണ്ടതുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് അബ്ദുള്‍ നാസര്‍ മഅദനി സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി ഏപ്രില്‍ 13ന് പരിഗണിക്കാന്‍ മാറ്റി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മഅദനിക്ക് വേണ്ടി ഹാജരായത്.

വിചാരണ പൂര്‍ത്തിയാക്കി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചില്ലെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്നും സുപ്രിം കോടതി സൂചന നല്‍കി. നേരത്തെ മഅദനിക്ക് ജാമ്യം ലഭിച്ചപ്പോള്‍ ഒരു കാരണവശാലും ബംഗളൂരു വിട്ടുപോകരുതെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കേസിന്റെ വിചാരണ പൂര്‍ത്തിയായതിനാല്‍ ഇളവ് അനുവദിക്കണമെന്ന് കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബിരാനും കോടതിയെ അഭ്യര്‍ത്ഥിച്ചു. വിചാരണ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച കോടതി രേഖകള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

മഅദനിയുടെ ജാമ്യ വ്യവസ്ഥകളില്‍ ഇളവ് നല്‍കേണ്ടതില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിച്ചു. മഅദനി ഇതുവരെ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടോയെന്ന് ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കര്‍ണാടക സര്‍ക്കാരിനോട് ചോദിച്ചു. മഅദനി ഉള്‍പ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടുണ്ടോയെന്നും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചിട്ടുണ്ടോയെന്നും രേഖാമൂലം വിവരം സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഹര്‍ജി പരിഗണിക്കുന്നത് സ്റ്റേ ചെയ്യണമെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി. പൗരന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇത്തരമൊരു വാദം ഉന്നയിച്ചതിനെയും ബെഞ്ച് വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *