നിയന്ത്രണത്തിന് തിരിച്ചടി: റഷ്യന്‍ മാധ്യമങ്ങളുടെ മോണിറ്റൈസേഷന്‍ നിര്‍ത്തലാക്കി ഫേസ്ബുക്ക്
മോസ്‌കോ: ഫേസ്ബുക്കിന് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, റഷ്യന്‍ മാധ്യമങ്ങള്‍ക്ക് മോണിറ്റൈസേഷന്‍ നല്‍കുന്നത് ഫേസ്ബുക്ക് നിര്‍ത്തലാക്കി. റഷ്യന്‍ സര്‍ക്കാറുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍ക്കും ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രെംലിനുമായി ബന്ധപ്പെട്ട പേജുകള്‍ക്കും ചാനലുകള്‍ക്കും ഫേസ്ബുക്കില്‍ നിന്നുള്ള മൊണിറ്റൈസേഷനും അവസാനിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഫേസ്ബുക്കിന്റെ സുരക്ഷാ വിഭാഗത്തിന്റെ തലവന്‍ നതാനിയേല്‍ ഗ്ലെയ്ചറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഫേസ്ബുക്ക് റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും റഷ്യന്‍ കണ്ടന്റുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നുവെന്നും കാണിച്ച് വെള്ളിയാഴ്ച മുതല്‍ റഷ്യ ഫേസ്ബുക്കിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് റഷ്യ കത്തയച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, റഷ്യയുടെ കത്തിന് ഫേസ്ബുക്ക് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, എന്തെല്ലാം നിയന്ത്രണങ്ങളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.