ശ്രേയസ് നയിച്ചു; മിന്നിച്ച് ജഡ്ഡുവും സഞ്ജുവും: ഇന്ത്യക്കു വീണ്ടുമൊരു പരമ്പര
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ നാലാമത്തെ വൈറ്റ് ബോള്‍ പരമ്പരയുടെ പോക്കറ്റിലാക്കി ഇന്ത്യയുടെ പടയോട്ടം. രണ്ടാം ടി20യില്‍ വിക്കറ്റിന്റെ ഏഴു വിജയത്തോടെയാണ് ഇന്ത്യ ശ്രീലങ്കയുടെയും കഥ കഴിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന്റെ അപരാജിത ലീഡും കൈക്കലാക്കി. അവസാന മല്‍സരം ഞായറാഴ്ച ഇതേ വേദിയില്‍ തന്നെ നടക്കും. 184 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ഇന്ത്യക്കു ലങ്ക നല്‍കിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (1), ഇഷാന്‍ കിഷന്‍ (16) എന്നിവരെ തുടക്കത്തില്‍ തന്നെ നഷ്ടമായ ഇന്ത്യ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യര്‍ (74*) മുന്നില്‍ നിന്നു പട നയിക്കുകയും രവീന്ദ്ര ജഡേജ (45*), സഞ്ജു സാംസണ്‍ (39) എന്നിവര്‍ മികച്ച പിന്തുണ നല്‍കുകയും ചെയ്തതോടെ ഇന്ത്യക്കു ലക്ഷ്യം അനായാസമായി മാറി. 17.1 ഓവറില്‍ തന്നെ മൂന്നു വിക്കറ്റിനു ഇന്ത്യ വിജയം പിടിച്ചെടുക്കുകയും ചെയ്തു.
44 ബോളുകളില്‍ നിന്നും ആറു ബൗണ്ടറികളും നാലു സിക്‌സറുമടക്കമാണ് ശ്രേയസ് 74 റണ്‍സ് അടിച്ചെടുത്തത്. ജഡേജയാവട്ടെ വെറും 18 ബോളിലാണ് 45 റണ്‍സെടുത്തത്. ഏഴു ബൗണ്ടറികളും ഒരു സിക്‌സറും ഇതിലുള്‍പ്പെട്ടിരുന്നു. സഞ്ജു 25 ബോളില്‍ രണ്ടു ബൗണ്ടറിയും മൂന്നു സിക്‌സറുമടിച്ചു. നാലിന് 44 റണ്‍സെന്ന നിലയില്‍ പരുങ്ങിയ ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത് ശ്രേയസ്- സഞ്ജു ജോടിയായിരുന്നു. 47 ബോളില്‍ 84 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോര്‍ 128ല്‍ വച്ചാണ് ഈ ജോടി വേര്‍പിരിഞ്ഞത്. സഞ്ജു പുറത്താവുമ്പോഴേക്കും ഇന്ത്യ ഡ്രൈവിങ് സീറ്റിലേക്കു കയറിയിരുന്നു. തുടര്‍ന്നെത്തിയ ജഡേജയും റണ്‍മഴ പെയ്യിച്ചതോടെ ഇന്ത്യ അതിവേഗം വിജയത്തിലേക്കു കുതിക്കുകയായിരുന്നു. ലങ്കയ്ക്കായി ലഹിരു കുമാര രണ്ടു വിക്കറ്റുകളെടുത്തു.
നങ്കൂരമിട്ടു കളിച്ച ഓപ്പണര്‍ പതും നിസങ്കയുടെ (75) ഫിഫ്റ്റിയാണ് ലങ്കയെ 183 റണ്‍സെന്ന ടോട്ടലിലെത്തിച്ചത്. അവസാന ഓവറുകളില്‍ ലങ്കന്‍ നായകന്‍ ദസുന്‍ ഷനകയുടെ വെടിക്കെട്ട് പ്രകടനവും ലങ്കയെ കൂറ്റന്‍ സ്‌കോറിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ലങ്ക അഞ്ചു വിക്കറ്റിനു 183 റണ്‍സെടുക്കകയായിരുന്നു. 53 ബോളില്‍ 11 ബൗണ്ടറികളോടെയാണ് നിസങ്ക ലങ്കയുടെ അമരക്കാരനായത്. ഷനകയുടെ പ്രകടനം ഗംഭീരമായിരുന്നു. വെറും 19 ബോളില്‍ അഞ്ചു സിക്‌സറും രണ്ടു ബൗണ്ടറികളുമടക്കമാണ് താരം പുറത്താവാതെ 47 റണ്‍സെടുത്തത്. 38 റണ്‍സെടുത്ത ധനുഷ്‌ക ഗുണതിലകയാണി ലങ്കയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 29 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അവസാനത്തെ അഞ്ചോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 80 റണ്‍സ് ലങ്ക വാരിക്കൂട്ടി.
വളരെ ശ്രദ്ധയോടെയാണ് ലങ്കന്‍ ഓപ്പണര്‍മാരായ നിസങ്കയും ഗുണതിലകയും തുടങ്ങിയത്. തുടക്കത്തില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ നോക്കാനാണ് ഇരുവരും ശ്രമിച്ചത്. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അനാവശ്യ ധൃതി കാണിക്കാതെ മോശം പന്തുകളില്‍ മാത്രം അഗ്രസീവ് ഷോട്ടുകള്‍ കളിച്ച് ഇരുവരും മുന്നേറുകയായിരുന്നു. ഏഴോവറില്‍ 41 റണ്‍സായിരുന്നു ലങ്കന്‍ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെറിഞ്ഞ ഒമ്പതാം ഓവറില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടക്കം 18 റണ്‍സ് പിറന്നു. എങ്കിലും ഗുണതിലകയെ പുറത്താക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഓപ്പണിങ് വിക്കറ്റില്‍ 67 റണ്‍സ് ഇരുവരും ചേര്‍ന്നെടുത്തു. ടീം സ്‌കോറിലേക്കു ഒമ്പതു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും രണ്ടു വിക്കറ്റുകള്‍ കൂടി ഇന്ത്യ വീഴ്ത്തി. ഇതോടെ ലങ്ക മൂന്നിന് 76 റണ്‍സെന്ന നിലയിലായി.
എങ്കിലും നിസങ്ക പസറിയില്ല മികച്ച ഷോട്ടുകളുമായി താരം കളം നിറഞ്ഞു കളിച്ചു. ടീം സ്‌കോര്‍ 102ല്‍ നില്‍ക്കെ ചണ്ഡിമല്‍ പുറത്തായ ശേഷമായിരുന്നു ലങ്കന്‍ ഇന്നിങ്‌സ് ടോപ് ഗിയറിലേക്കു കയറിയത്. നിസങ്കയ്ക്കു കൂട്ടായെത്തിയ ലങ്കന്‍ നായകന്‍ ഷനക വെടിക്കെട്ട് ഇന്നിങ്‌സാണ് കളിച്ചത്. നിസങ്ക- ഷനക ജോടി ഇന്ത്യന്‍ ബൗളര്‍മാരെ നിലത്തുനിര്‍ത്തിയില്ല. 58 റണ്‍സ് രണ്ടു പേരും വാരിക്കൂട്ടി. ഇതാണ് ലങ്കയെ വലിയ സ്‌കോറിലെത്തിച്ചത്. നിസങ്ക പുറത്തായ ശേഷവും ഷനക വെടിക്കെട്ട് തുടര്‍ന്നു. ഇന്ത്യക്കു വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങത്. ഇതോടെ മലയാളി താരം സഞ്ജു സാംസണിന് ഒരവസരം കൂടി ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജുവിനു ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിരുന്നില്ല. മറുഭാഗത്ത് രണ്ടു മാറ്റങ്ങളോടെയാണ് ലങ്ക രണ്ടാം ടി20യില്‍ കളിച്ചത്. ജനിത് ലിയാനഗെ, ജെഫ്രി വാന്‍ഡര്‍സേ എന്നിവര്‍ക്കു പകരം ബിനുര ഫെര്‍ണാണ്ടോ, ധനുഷ്‌ക ഗുണതിലക എന്നിവര്‍ ടീമിലേക്കു വരികയായിരുന്നു.