Friday, December 27, 2024
World

‘ഭീകരരുടെ സുരക്ഷിത താവളമായി കാനഡ മാറി; തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നിയിക്കുന്നു’; വിമര്‍ശിച്ച് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ രൂക്ഷമായി വിമര്‍ശിച്ചും ഇന്ത്യയെ പിന്തുണച്ചും ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. കാനഡ ഭീകരരുടെ സുരക്ഷിത താവളമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജസ്റ്റിന്‍ ട്രൂഡോ തെളിവില്ലാത്ത ആരോപണഭങ്ങളാണ് ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഭീകരര്‍ക്ക് സുരക്ഷിത താവളമായി കാനഡ മാറി. കനേഡിയന്‍ പ്രധാനമന്ത്രി തെളിവുകളുടെ പിന്തുണയില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. ഇത് തന്നെയാണ് ശ്രീലങ്കയോടും ചെയ്തത്. ശ്രീലങ്ക വംശഹത്യ നടത്തിയെന്ന് നുണ പറഞ്ഞു. എല്ലാവര്‍ക്കും അറിയാം ഞങ്ങളുടെ രാജ്യത്ത് വംശഹത്യ ഉണ്ടായിട്ടില്ലെന്ന്’ അലി സാബ്രി പറഞ്ഞു.

ഒരാളും മറ്റൊരു രാജ്യത്തിന്റെ കാര്യത്തില്‍ തലയിടേണ്ടെന്നും എങ്ങനെ ഭരിക്കണമെന്ന് നിര്‍ദേശിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി സെപ്റ്റംബര്‍ 18ന് ആരോപണം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണം ഇന്ത്യ തള്ളിയിരുന്നു.

കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞു. നിജ്ജറിനെയും നിജ്ജറിന്റെയും പ്രവര്‍ത്തനങ്ങളെയും കാനഡ നിരീക്ഷിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല. ഇന്ത്യ നിരവധി തവണ നിജ്ജറിന്റെ കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നെങ്കിലും കാനഡ കാര്യമായെടുത്തില്ല. നിജ്ജറിനും സംഘത്തിനും കാനഡ നല്‍കിയത് അന്തരാഷ്ട്രി ധാരണകള്‍ക്ക് വിരുദ്ധമായ സഹായമാണെന്നും ഇന്ത്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *