മൂന്ന് ചുഴലിക്കൊടുങ്കാറ്റുകള്‍ കരയിലേക്ക് ആഞ്ഞുവീശിയെത്തുന്നു
ടെക്‌സാസ്: മെക്‌സിക്കോ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഹന്ന ചുഴലിക്കൊടുങ്കാറ്റ് ശനിയാഴ്ച വൈകുന്നേരത്തോടെ ടെക്‌സാസിന്റെ തെക്കന്‍ തീരം തൊടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. കാറ്റഗറി ഒന്നില്‍ ഉള്‍പ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 75 മൈല്‍ വേഗതയാണുണ്ടാവുക
ചുഴലിക്കാറ്റ് കരയിലെത്തുമ്പോഴുണ്ടാകുന്ന പ്രധാന ഭീഷണി തിരമാലകള്‍ ഉയര്‍ന്നു പൊങ്ങുന്നതും ശക്തമായ മഴ പെയ്യുമെന്നതുമാണ്. ടെക്‌സാസിന്റെ തെക്കന്‍ തീരമേഖലയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍ ഇതിനകം നല്കിയിട്ടുണ്ട്. മെക്‌സിക്കോ, ടെക്‌സാസ് അതിര്‍ത്തികളില്‍ വെള്ളപ്പൊക്കെ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഹന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മഴയുമെത്തുന്നത് സ്ഥിതിഗതികളെ പ്രതിസന്ധിയിലാക്കിയേക്കും.
അതേസമയം ഡോഗ്ലസ് ചുഴലിക്കാറ്റ് കൂടുതല്‍ അപകടകാരിയാകുമെന്നാണ് കരുതുന്നത്. കാറ്റഗറി മൂന്നില്‍പ്പെടുന്ന ഡോഗ്ലസ് മണിക്കൂറില്‍ 115 മൈല്‍ വേഗത കൈവരിക്കുമെന്നാണ് കരുതുന്നത്.
ഹവായി ദ്വീപിന് നേരെ നീങ്ങുന്ന ഡോഗ്ലസ് ശനിയാഴ്ച രാത്രി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വരെ ഹവായി ദ്വീപുകള്‍ക്ക് സമീപത്തുകൂടിയാണ് കടന്നുപോകുക. ഡോഗ്ലസ് കടന്നുപോകുന്ന വഴികളില്‍ പ്രത്യേകിച്ച് കിഴക്കന്‍ തീരങ്ങളില്‍ ഭീതിതമായ കാറ്റും ശക്തമായ മഴയും ഉയര്‍ന്നുപൊങ്ങുന്ന തിരമാലകളുമാണ് സമ്മാനിക്കുക.
ഇതോടൊപ്പം വീശിയെത്തുന്ന ഗോണ്‍സാലോ വലിയ ദുരിതം വിതക്കില്ലെന്നാണ് കരുതുന്നത്. മണിക്കൂറില്‍ 40 മൈല്‍ വേഗത്തില്‍ വീശുന്ന ഗോണ്‍സാലോ തിരമാലകളെ ഉയര്‍ത്തുമെങ്കിലും മഴ ഭീകരമായിരിക്കില്ല.
മെക്‌സിക്കോ ഉള്‍ക്കടലാണ് ഹന്നയുടെ കേന്ദ്രമെങ്കില്‍ പസഫിക്ക് സമുദ്രത്തിലാണ് ഡോഗ്ലസ് കേന്ദ്രീകരിക്കുന്നത്. ഗോണ്‍സാലോയാകട്ടെ അറ്റ്‌ലാന്റിക്കാണ് കേന്ദ്രീകരിക്കുന്നത്.