സ്വര്‍ണക്കടത്ത്: വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്ന ജലാല്‍ അടക്കം മൂന്ന് പേര്‍ കൂടി കസ്റ്റംസ് പിടിയില്‍
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. മൂവാറ്റുപുഴ സ്വദേശി ജലാലും മറ്റ് രണ്ട് പേരെയുമാണ് അറസ്റ്റ് ചെയ്തത്.
ജലാല്‍ ഇന്നലെ രാത്രിയോടെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി നാടകീയമായി കീഴടങ്ങുകയായിരുന്നു. ജലാലടക്കം പിടിയിലായ മൂന്ന് പേരെയും കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയിലേറെ രൂപയുടെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് ദീര്‍ഘകാലമായി അന്വേഷിക്കുകയായിരുന്നു.
നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസിലെയും തിരുവനന്തപുരം എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരന്‍ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ജലാല്‍. റമീസില്‍ നിന്ന് സ്വര്‍ണം വാങ്ങിയത് ജലാല്‍ അടക്കമുള്ളവരാണ്.