കൊറിയൻ യുവതികളെ മദ്യം നൽകി ഉറക്കിക്കിടത്തിയ ശേഷം ബലാത്സംഗം ചെയ്തു; ഓസ്ട്രേലിയയിൽ ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടത്തി
ഓസ്ട്രേലിയയിൽ കൊറിയൻ യുവതികളെ മദ്യം നൽകി ഉറക്കിക്കിടത്തിയ ശേഷം ബലാത്സംഗം ചെയ്ത ഇന്ത്യൻ വംശജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. സിഡ്നിയിൽ അഞ്ച് കൊറിയൻ യുവതികളെ ബലാത്സംഗം ചെയ്ത ബലേഷ് ധൻഖർ (43) എന്ന ഇന്ത്യൻ വംശജനെയാണ് സിഡ്നി ഡൗണിംഗ് സെൻ്ററിലെ ജില്ലാ കോടതി ജൂറി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാൾ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി എന്ന സംഘടനയുടെ മുൻ തലവനാണ്.
39 കേസുകളാണ് ഇയാൾക്കെതിരെ ചാർജ് ചെയ്തിരുന്നത്. അഞ്ച് കൊറിയൻ സ്ത്രീകളെയാണ് ഇയാൾ ബലാത്സംഗത്തിനിരയാക്കിയത്. ബലാത്സംഗം ചെയ്യുന്നത് ഒളിക്യാമറയിൽ ഇയാൾ ഷൂട്ട് ചെയ്തിരുന്നു. സിഡ്നിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരനായ ബലാത്സംഗക്കുറ്റവാളികളിൽ ഒരാൾ എന്നാണ് ജൂറി ഇയാളെ വിശേഷിപ്പിച്ചത്.
ഒരു വിവാഹേതര ബന്ധം തകർന്നതിനെ തുടർന്ന് താൻ വളരെ ഒറ്റപ്പെട്ടിരിക്കുകയായിരുന്നു എന്നും തൻ്റെ വിവാഹ ബന്ധത്തിൽ തനിക്ക് ഒട്ടും സംതൃപ്തി ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ടാണ് താൻ ബലാത്സംഗം ചെയ്തതെന്നും ഇയാൾ പറഞ്ഞു. കോടതിയിൽ ഇയാളുടെ ഭാര്യയും ഉണ്ടായിരുന്നു. ഇയാളെ ഭാര്യ പിന്തുണച്ചു. അവർ പലപ്പോഴും കോടതിയിൽ കരഞ്ഞു.
2017 ലാണ് ഇയാൾ ബലാത്സംഗ പരമ്പര ആരംഭിക്കുന്നത്. കൊറിയൻ – ഇംഗ്ലീഷ് വിവർത്തകരായ സ്ത്രീകളെ ആവശ്യമുണ്ടെന്ന് വ്യാജ തൊഴിൽ പരസ്യത്തിലൂടെയാണ് ഇയാൾ സ്ത്രീകളെ തൻ്റെ അടുത്തെത്തിച്ചത്. ഒറ്റക്ക് താമസിക്കുന്ന, ജോലി വളരെ ആവശ്യമുള്ള, സിഡ്നിയിൽ പുതുതായി താമസിക്കാനെത്തിയ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ഹിൽട്ടൺ ഹോട്ടലിൽ വച്ച് അഭിമുഖം നടത്തിയതിനു ശേഷം ഇയാൾ നിർബന്ധിച്ച് ഇവരെ ഡിന്നറിനു ക്ഷണിക്കും. ഡിന്നറിനൊപ്പം വൈനും വിളമ്പും. പിന്നീട് ഇവരെയും കൊണ്ട് ഇയാൾ തൻ്റെ അപ്പാർട്ട്മെൻ്റിലേക്ക് പോകും. ചിലരോട് ഓപ്പറ ഹൗസിൻ്റെ ദൃശ്യം കാണിക്കാമെന്നും മറ്റ് ചിലരോട് തൻ്റെ കാറിൻ്റെ താക്കോൽ എടുക്കണമെന്നുമൊക്കെയാണ് പറയുക. അപ്പാർട്ട്മെൻ്റിൽ എത്തിയതിനു ശേഷം ഇയാൾ ഇവർക്ക് ഉറക്കഗുളിക അടങ്ങിയ വൈനോ ഐസ്ക്രീമോ നൽകും. പിന്നീടായിരുന്നു ഇയാൾ ബലാത്സംഗം നടത്തിയിരുന്നത്. രസ്യം കണ്ട് എത്തിയ സ്ത്രീകളുടെ ഒരു പട്ടിക ഇയാൾ തയ്യാറാക്കിയിരുന്നു. ഇവരെ കാണാനെങ്ങനെയുണ്ട്, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് ഈ പട്ടികയിലുണ്ടായിരുന്നത്. കൊറിയൻ സിനിമയും കൊറിയൻ സ്ത്രീകളുമായിരുന്നു ഇയാളുടെ ദൗർബല്യം. കൊറിയൻ ലൈംഗിക വിഡിയോകൾ ഇയാൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചിരുന്നു.
ഇത്തരത്തിൽ അപ്പാർട്ട്മെൻ്റിലെത്തിച്ച ഒരു സ്ത്രീ തൻ്റെ സുഹൃത്തിനയച്ച ടെക്സ്റ്റ് മെസേജാണ് കേസിൽ നിർണായകമായത്. താൻ ഭയന്നിരിക്കുകയാണെന്നും ഇയാൾ എന്നെ ചുംബിക്കാൻ ശ്രമിക്കുന്നു എന്നും ഇവർ സന്ദേശം അയച്ചു. അപ്പാർട്ട്മെൻ്റിൽ നിന്ന് എങ്ങനെയും ഇറങ്ങിവരാൻ സുഹൃത്ത് തിരികെ മെസേജ് ചെയ്തെങ്കിലും ഇവർക്ക് സാധിച്ചില്ല. 24ആം നിലയിലായിരുന്നു ഇയാളുടെ അപ്പാർട്ട്മെൻ്റ്.
മറ്റൊരു യുവതി ഇയാളുടെ അപ്പാർട്ട്മെൻ്റിലേക്ക് പോയി ഐസ്ക്രീം കഴിക്കുന്നതും ഒരു ഗ്ലാസ് വൈൻ കുടിയ്ക്കുന്നതും ഓർക്കുന്നതായി വെളിപ്പെടുത്തി. നഗ്നയായി, ബോധം മറയുന്നതു പോലെ തോന്നുന്നതും ഉയർന്ന വെളിച്ചമുള്ള ബൾബുകളും കോണ്ടം പാക്കറ്റും വേദനയുമൊക്കെ ഇവർ ഓർമിക്കുന്നു. എന്നാൽ, ഇയാൾ തന്നെ ബലാത്സംഗം ചെയ്തു എന്ന് ഈ സ്ത്രീ മനസിലാക്കിയിരുന്നില്ല. കടുത്ത വേദന കാരണം 2018 സെപ്തംബർ 16ന് ഈ സ്ത്രീ ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് ദിവസം ഇവർ ആശുപത്രിയിലായിരുന്നു. ഇവരെ ധൻഖർ ബലാത്സംഗം ചെയ്യുന്നതിൻ്റെ വിഡിയോ പൊലീസ് കണ്ടെടുത്തു.
മറ്റൊരു യുവതിയുടെ ഓർമ, റെസ്റ്റോറൻ്റിലെ ശുചിമുറിയിൽ പോയി തിരികെവന്ന് സോജു (കൊറിയൻ മദ്യം) കുടിച്ചപ്പോൾ ബോധം മറയുന്നതുപോലെ തോന്നിയതാണ്. വസ്ത്രം അണിഞ്ഞ നിലയിലാണ് ഇവർ കിടക്കയിൽ നിന്ന് എഴുന്നേറ്റത്. തൻ്റെ ബെൽറ്റ് കാണാനില്ലായിരുന്നെങ്കിലും ഇവർ വീട്ടിലേക്ക് പോയി. ഈ സ്ത്രീയും താന്നെ ധൻഖർ ബലാത്സംഗം ചെയ്തു എന്ന് മനസിലാക്കിയില്ല. എന്നാൽ, ഇവരെ ധൻഖർ ബലാത്സംഗം ചെയ്യുന്നതിൻ്റെ 10 വിഡിയോകളാണ് പൊലീസ് കണ്ടെത്തിയത്.
2018 ഒക്ടോബറിൽ ധൻഖറിൻ്റെ അപാർട്ട്മെൻ്റ് പൊലീസ് പരിശോധിച്ചപ്പോൾ പല സ്ത്രീകൾക്കൊപ്പമുള്ള ഇയാളുടെ വിഡിയോകൾ പൊലീസ് കണ്ടെടുത്തിരുന്നു. പല ഫോൾഡറുകളിലാക്കി സ്ത്രീകളുടെ പേരുകൾ ലേബൽ ചെയ്താണ് വിഡിയോകൾ സേവ് ചെയ്തിരുന്നത്. ചില വിഡിയോകളിൽ സ്ത്രീകൾ ബോധമില്ലാതെയും മറ്റ് ചില വിഡിയോകളിൽ സ്ത്രീകൾ ദുസ്വപ്നത്തിലെന്നതുപോലെ ഭയന്ന് ഞരങ്ങുന്നതും കാണാമായിരുന്നു. 95 മിനിട്ട് ദൈർഘ്യമുള്ള ഒരു വിഡിയോ ഇയാൾ ബോധരഹിതയായ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുന്നതിൻ്റെ മൊണ്ടാഷ് ആയിരുന്നു. വിഡിയോകൾ കാണുമ്പോൾ ജൂറികൾ വളരെ അസ്വസ്ഥരായിരുന്നു.
കോടതിയിൽ വാദം നടന്ന ഇക്കാലമത്രയും തൻ്റെ സ്വകാര്യത സംരക്ഷിക്കാൻ ആവുന്നതൊക്കെയും ധൻഖർ ചെയ്തു. കോടതിയ്ക്ക് പുറത്ത് ക്യാമറകളിൽ നിന്ന് ഓടിയൊളിച്ച ഇയാൾ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യുകയും പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കുകയും ചെയ്തു. എന്നാൽ ധൻഖറിൻ്റെ ആർക്കൈവ് ചെയ്യപ്പെട്ട സ്വകാര്യ വെബ്സൈറ്റിൽ പല ചിത്രങ്ങളും പ്രചരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള ചിത്രവും ഈ സൈറ്റിലുണ്ടായിരുന്നു.