കൊടും തണുപ്പ്, അതിർത്തിയിലേക്ക് വാഹനസൗകര്യമില്ല; യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ ദുരിതത്തിൽ
യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് റഷ്യൻ സൈന്യം എത്തിക്കൊണ്ടിരിക്കെ രക്ഷപ്പെടാൻ സാധിക്കാതെ കുടുങ്ങിക്കിടന്ന് മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ. 18,000ത്തോളം ഇന്ത്യക്കാർ യുക്രൈന്റെ വിവിധ നഗരങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ട്.
യുദ്ധഭൂമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. അയൽ രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റൊമാനിയ അതിർത്തികൾ വഴി ഇവരെ ഒഴിപ്പിക്കാനാണ് നീക്കം. പക്ഷേ കീവിലും മറ്റും കുടുങ്ങിയ വിദ്യാർഥികൾക്ക് അതിർത്തിയിലേക്ക് എത്താൻ വാഹന സൗകര്യമടക്കം ലഭിക്കുന്നില്ല.
മണിക്കൂറുകളോളം കിലോമീറ്ററുകൾ നടന്നുതാണ്ടിയാണ് പലരും അതിർത്തിയിലേക്ക് എത്താൻ ശ്രമിക്കുന്നത്. മൈനസ് മൂന്ന് ഒക്കെയാണ് ഇവിടുത്തെ കാലാവസ്ഥ. കടുത്ത തണുപ്പിനെ പ്രതിരോധിക്കാനാകാതെ പലരും തളർന്നുവീഴുന്നുണ്ട്. അതേസമയം ഉദ്യോഗസ്ഥരുടെ നിർദേശമില്ലാതെ ആരും അതിർത്തിയിലേക്ക് എത്തരുതെന്ന നിർദേശം ഇന്ത്യൻ എംബസി നൽകിയിട്ടുണ്ട്
കിഴക്കൻ യുക്രൈനിൽ കുടുങ്ങിയവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. രക്ഷാ ദൗത്യം നടക്കുന്ന പ്രദേശങ്ങളിലേക്ക് എത്തേണ്ടത് യുദ്ധം തുടരുന്ന മേഖലകളിലൂടെയാണ്. സ്വകാര്യ വാഹനങ്ങളിൽ യുദ്ധഭൂമിയിലൂടെ അതിർത്തിയിലേക്ക് പോകുകയെന്നതും അപ്രാപ്യമാണ്.