ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഈ 17 കാരൻ
ചെറുവിമാനത്തിൽ ഒറ്റയ്ക്ക് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയിരിക്കുകയാണ് കൗമാരക്കാരനായ ബ്രിട്ടീഷ്-ബെൽജിയൻ പൈലറ്റ്. മാക്ക് റഥർഫോർഡ് എന്ന 17 കാരനാണ് നിലവിലെ ലോക റെക്കോർഡ് തകർത്തത്. 52 രാജ്യങ്ങളിലൂടെയുള്ള അഞ്ച് മാസത്തെ യാത്രയ്ക്ക് ശേഷമാണ് മാക്ക് ബൾഗേറിയയിലെ സോഫിയയിൽ തിരിച്ചെത്തിയത്.
വഴിയിലെ പ്രതിസന്ധികൾ മറികടന്നാണ് 17 കാരൻ ഈ നേട്ടം കൈവരിച്ചത്. മണൽക്കാറ്റുകൾ നേരിട്ടും, ജനവാസമില്ലാത്ത പസഫിക് ദ്വീപിൽ രാത്രി കാലങ്ങൾ ചിലവഴിച്ചുമാണ് ഈ കൗമാരക്കാരൻ യാത്ര പൂർത്തിയാക്കിയത്. മാതാപിതാക്കൾ ബ്രിട്ടീഷുകാരാണെങ്കിലും മാക്ക് റഥർഫോർഡ് വളർന്നത് ബെൽജിയത്തിലാണ്.
അദ്ദേഹത്തിന്റെ മൂത്ത സഹോദരി സാറയാണ് ലോകം ചുറ്റുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത. ഈ വർഷം ജനുവരിയിൽ സാറ യാത്ര പൂർത്തിയാക്കിയിരുന്നു. തൻ്റെ യാത്രയിലെ വഴികാട്ടി സഹോദരിയാണെന്ന് മാക്ക് പറഞ്ഞു. 18 വയസും 150 ദിവസവും പ്രായമുള്ള ബ്രിട്ടീഷ് പൈലറ്റ് ട്രാവിസ് ലുഡ്‌ലോ ആയിരുന്നു മുൻ റെക്കോർഡ് ഉടമ.