ഇറാനിയന്‍ യാത്രാവിമാനവും അമേരിക്കന്‍ യുദ്ധവിമാനവും നേര്‍ക്കുനേര്‍; വൻ ദുരന്തം ഒഴിവായി
ടെഹ്റാന്‍: ഇറാനിയന്‍ യാത്രാവിമാനവും അമേരിക്കയുടെ എഫ് 15 യുദ്ധവിമാനം നേര്‍ക്കുനേര്‍ എത്തിയെങ്കിലും പൈലറ്റിന്റെ അവസരോചിതമായ ഇടപെടലില്‍ വൻ ദുരന്തം ഒഴിവായതായി റിപ്പോര്‍ട്ട്.
വ്യാഴാഴ്ച സിറിയയുടെ മുകളിലായിരുന്നു സംഭവം. മഹന്‍ എയറിന്റെ ഉടമസ്ഥതയിലുള്ള ഇറാനിയന്‍ വിമാനം ടെഹ്റാനില്‍ നിന്ന് ബെയ്റൂട്ടിലേക്ക് പോവുകയായിരുന്നു. നേര്‍ക്കുനേര്‍ പാഞ്ഞടുത്ത യുദ്ധവിമാനവുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ പൈലറ്റ് ഉയരം മാറ്റിയതിനെ തുടര്‍ന്ന് ഇറാനിയന്‍ വിമാനത്തിലെ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റതായും ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എഫ് 15 സുരക്ഷിതമായ അകലം പാലിച്ചിരുന്നതായാണ് യു.എസ് സൈനിക ഭാഷ്യം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
യുദ്ധവിമാനത്തിന്റെ ദിശ മനസ്സിലാക്കിയ പൈലറ്റ് പൊടുന്നനെ യാത്രാവിമാനം വായുവില്‍ താഴ്ത്തിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. എന്നാല്‍, അപ്രതീക്ഷിതമായി വിമാനം താഴ്ത്തിയതോടെ നിരവധി യാത്രാക്കാര്‍ സീറ്റില്‍നിന്ന് താഴെവീഴുകയും ചിലരുടെ തല സീലിങ്ങില്‍ ഇടിക്കുകയും ചെയ്തു.
അമേരിക്കന്‍ സേനയുടെ താവളത്തിനു സമീപത്തു കൂടെയുള്ള വിമാനങ്ങളെ നിരീക്ഷിക്കുന്ന സാധാരണ നടപടിയുടെ ഭാഗമായുള്ള പറക്കലാണ് നടത്തിയതെന്നാണ് അമേരിക്കന്‍ സേന പ്രതികരിച്ചു. വിമാനങ്ങള്‍ തമ്മില്‍ 1000 മീറ്ററിലധികം ദൂരമുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.