ബംഗീ ജംപിനിടെ അപകടം; ഗുരുതര പരിക്കോടെ വിനോദ സഞ്ചാരി
തായ്‌ലൻഡിൽ സാഹസിക വിനോദ ഇനമായ ബംഗീ ജംപിനിടെ അപകടം. കയര്‍ പൊട്ടി മരണത്തെ മുഖാമുഖം കണ്ട് വിനോദ സഞ്ചാരി. ഹോംങ്കോങില്‍ നിന്നുള്ള വിനോദ സഞ്ചാരിക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. പട്ടായയില്‍ വച്ചാണ് 39കാരനായ മൈക്ക് പത്ത് നില കെട്ടിടത്തിന്‍റെ ഉയരമുള്ള പ്ലാറ്റ്ഫോമില്‍ നിന്ന് ബംഗീ ജംപ് നടത്തിയത്. വലിയൊരു സ്വിമ്മിംഗ് പൂളിന് മുകളിലായിരുന്നു പ്ലാറ്റ്ഫോം സജ്ജമാക്കിയിരുന്നത്.
പെട്ടന്ന് കയര്‍ പൊട്ടിയതോടെ പത്ത് നില കെട്ടിത്തിന്‍റെ ഉയരത്തില്‍ നിന്ന് മൈക്ക് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇടതുതോള്‍ വെള്ളത്തിലിടിച്ച് പൂളിലേക്ക് വീണ മൈക്കിന്റെ ശരീരത്തിന്‍റെ ഇടത് ഭാഗത്തായി ഒന്നിലധികം മുറിവുകളുണ്ട്. ചാംഗ്തായ് താപ്രായ സഫാരി ആന്‍ഡ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ വച്ചായിരുന്നു അപകടം.
എന്നാല്‍ സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ചാണ് ബംഗീ ജംപ് ചെയ്തതെന്നും കണ്ണുകള്‍ അടച്ചായിരുന്നു ചാടിയതെന്നും ചുറ്റും വെള്ളത്തിലായിക്കഴിഞ്ഞതിനുശേഷമാണ് കയർ പൊട്ടിയത് മനസിലായത് എന്നും മൈക്ക് പറഞ്ഞു. വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്ന് വരാന്‍ സാധിച്ചെങ്കിലും നീന്താന്‍ കഴിഞ്ഞില്ല. പിന്നീട് സുഹൃത്തുക്കളാണ് പൂളിലേക്ക് ചാടി മൈക്കിനെ രക്ഷിച്ചത്. ചികിത്സയ്ക്കുള്ള പണവും ബംഗീ ജംപിന്‍റെ പണവും പാര്‍ക്കുടമ തിരിച്ചു തന്നുവെന്നും മൈക്ക് പറയുന്നു.