ബിൽകിസ് ബാനോ കേസ്; പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു
ബിൽകിസ് ബാനോ കേസിലെ പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ബിവി നഗരത്‌ന എന്നിവരടങ്ങുന്നതാണ് ബെഞ്ച്. ഹർജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും.
ജഡ്ജി നിയമനം ഉൾപ്പെടെ പല ഘട്ടങ്ങളിലും കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച ജസ്റ്റിസ് കെഎം ജോസഫ് ,ജസ്റ്റിസ് ആഢ നഗരത്‌ന എന്നിവർ അടങ്ങുന്ന ബഞ്ചാണ് ബിൽക്കിസ് ബാനോവിന്റെ ഹർജികൾ പരിഗണിക്കുക.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽകിൽ ബാനോ വിനെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുകയും, മൂന്നു വയസ്സുള്ള കുഞ്ഞു ഉൾപ്പെടെ കുടുംബഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ കഴിഞ്ഞവർഷം ഓഗസ്റ്റ് 15നാണ് വിട്ടയച്ചത്.
ഗുജറാത്ത് സർക്കാർ രൂപീകരിച്ച സമിതിയുടെ ശുപാർശനനുസരിച്ചായിരുന്നു നടപടി. പ്രതികളെ വിട്ടയക്കണോ എന്ന് തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന 2022 മെയ് 13 ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ആയിരുന്നു നീക്കം.
നടപടിക്കെതിരായി സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബഞ്ച് രൂപീകരിക്കണമെന്ന ബിൽകിസ് ബാനോവിന്റെ അഭിഭാഷക ശോഭ ഗുപ്ത യുടെ ആവശ്യം പലതവണ മാറ്റിവച്ച ശേഷം ബുധനാഴ്ചയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗീകരിച്ചത്.
കുറ്റവാളികളുടെ മോചനം ചോദ്യംചെയ്തുള്ള ഹർജിക്ക് പുറമേ, 2002 മെയ് 13ലെ സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും പ്രത്യേക ഹർജി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജി പരിഗണിക്കുന്ന ബെഞ്ചിൽ നിന്നും ജസ്റ്റിസ് ബെല എം ത്രിവേദി പിന്മാറിയിരുന്നു.
2004-2006 വരെ ഗുജറാത്ത് സർക്കാരിന്റെ നിയമസെക്രട്ടറി ആയിരുന്നു ബെല എം ത്രിവേദി, ഈ സാഹചര്യത്തിലാണ് പിന്മാറ്റം.