Tuesday, January 7, 2025
World

കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യരാജ്യമായി ഇക്വഡോര്‍

ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി ഇക്വഡോര്‍ സര്‍ക്കാര്‍. വ്യാഴാഴ്ചയാണ് ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുട്ടികള്‍ക്ക് വാക്സിന്‍ നിര്‍ബന്ധമാക്കിയ ആദ്യ രാജ്യമാണ് ഇക്വഡോര്‍.

”ഇക്വഡോറിൽ വാക്സിനേഷൻ നിർബന്ധിതമായി പ്രഖ്യാപിച്ചിരിക്കുന്നു. അഞ്ചും അതിൽ കൂടുതലുമുള്ള ആളുകൾക്ക് നിർബന്ധിത വാക്സിനേഷൻ ബാധകമാണ്” ആരോഗ്യമന്ത്രി എഎഫ്പിയോട് പറഞ്ഞു. ഇക്വഡോറിലെ 17.7 ദശലക്ഷം ജനസംഖ്യയുടെ 69 ശതമാനം ആളുകൾക്കും ഇതുവരെ രണ്ട് വാക്സിൻ ഡോസുകൾ ലഭിച്ചിട്ടുണ്ട്. 900000 പേർക്ക് ബൂസ്റ്റർ ഡോസും ലഭിച്ചു. ഇക്വഡോറിൽ ഇതുവരെ 540000 കോവിഡ് കേസുകളും 33,600 മരണങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആരോഗ്യകാരണങ്ങളാല്‍ വാക്സിനെടുക്കാന്‍ കഴിയാത്തവരെ നിര്‍ബന്ധിത വാക്സിനേഷനില്‍ നിന്നും ഒഴിവാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒരാഴ്‌ച മുന്‍പാണ് ഇക്വഡോറില്‍ ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് റെസ്റ്റോറന്‍റുകളിലും ഷോപ്പിംഗ് മാളുകളിലും തിയറ്ററുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇന്തോനേഷ്യ, മൈക്രോനേഷ്യ, ന്യൂ കാലിഡോണിയ എന്നിവിടങ്ങളിൽ മുതിർന്നവർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *