Tuesday, April 15, 2025
World

ഫ്രൈഡ് ചിക്കന്‍ പാക്കറ്റില്‍ നിന്ന് കോഴിത്തല; പരാതിയുമായി യുവതി

 

നമ്മളില്‍ കൗതുകവും അമ്പരപ്പും നിറയ്ക്കുന്നതുമായി പല വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളുമെല്ലാം ദിവസവും നമുക്ക് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കാറുണ്ട്. അത്തരത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായൊരു ചിത്രത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

കെഎഫ്‌സിയില്‍ നിന്ന് വാങ്ങിയ ഫ്രൈഡ് ചിക്കന്‍ പാക്കറ്റിനകത്ത് നിന്ന് കോഴിത്തല കിട്ടിയെന്ന പരാതിയുമായി ഇതിന്റെ ചിത്രം ഒരു യുവതി പങ്കുവച്ചിരിക്കുകയാണ്. യുവതിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞിരിക്കുന്നത്. ലണ്ടനിലാണ് സംഭവം.

ഫ്രൈഡ് ചിക്കന്‍ മാവിനകത്ത് കോഴിയുടെ തല കൃത്യമായി കാണാന്‍ സാധിക്കും. കണ്ണുകളുടെ ഭാഗവും മറ്റും വ്യക്തമായി ചിത്രത്തിലൂടെ കാണാന്‍ കഴിയും. ഇത് കണ്ടയുടന്‍ താന്‍ ആ ഭക്ഷണം വേണ്ടെന്ന് വച്ചുവെന്നും ശേഷം ഭക്ഷണത്തിന് മോശം ‘റിവ്യൂ’  നല്‍കിയെന്നും യുവതി പറയുന്നു.

ഗബ്രിയേലെ എന്ന യുവതിക്കാണ് വിചിത്രമായ അനുഭവമുണ്ടായിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചതിനെ തുടര്‍ന്ന് സംഭവം അതിവേഗം വൈറലാവുകയായിരുന്നു. തുടര്‍ന്ന് കെഎഫ്‌സി പ്രതികരണവുമായി രംഗത്തെത്തി. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്നും, ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പിഴവാണിതെന്നും കമ്പനി സമ്മതിച്ചിട്ടുണ്ട്.

സംഭവിച്ച പിഴവിന് പകരമാവില്ലെങ്കില്‍ പോലും കെഎഫ്‌സിയില്‍ നിന്ന് ഉപഭോക്താവിന് സൗജന്യമായി ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതായും യുവതി ഇക്കാര്യം അംഗീകരിച്ചതായും കമ്പനി അറിയിച്ചു. എന്തായാലും നിരവധി പേരാണ് ഈ ചിത്രം വീണ്ടും പങ്കുവയ്ക്കുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ലെന്നും അതേസമയം ജീവനക്കാര്‍ക്ക് പറ്റിയ കയ്യബദ്ധമായിരിക്കുമെന്ന് വാദിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *