‘ചാന്ദ്ര ശാസ്ത്രത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ നേട്ടം’; ഇന്ത്യയെ അഭിനന്ദിച്ച് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്
ചന്ദ്രയാന്റെ വിജയത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ്. ശ്രീലങ്കന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നതിനിടെ സജിത്ത് പ്രേമദാസയാണ് ഇന്ത്യയെ അഭിനന്ദിച്ചത്. ചാന്ദ്ര ശാസ്ത്രത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ നേട്ടമാണ് ചന്ദ്രയാന്‍ 3 എന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ 14ന് വിക്ഷേപിച്ച ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തിയെന്നും ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ഏക രാഷ്ട്രമായി ഇന്ത്യ മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യന്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യ കൈവരിച്ച നേട്ടത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ വിജയത്തില്‍ അഭിനന്ദിച്ച് നിരവധി രാജ്യങ്ങള്‍ സ്‌പേസ് ഏജന്‍സികളും രംഗത്തെത്തിയിരുന്നു.
ബുധനാഴ്ച വൈകിട്ട് വൈകിട്ട് 6.04ഓടെയാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മാറി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറുകയായിരുന്നു. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്.