Tuesday, January 7, 2025
World

അന്ന് പരിഹാസം, ഇന്ന് അഭിനന്ദനം; ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ മന്ത്രി

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3നെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ പാക് മന്ത്രി ഫവാദ് ഹുസൈന്‍. മനുഷ്യരാശിയുടെ ചരിത്രനിമിഷമെന്നാണ് ചാന്ദ്രയാന്‍ മൂന്നിനെക്കുറിച്ച് മുന്‍ മന്ത്രിയുടെ പ്രതികരണം. ഇന്ത്യയ്ക്ക് ആശംസകളും അറിയിച്ചിട്ടുണ്ട് അദ്ദേഹം. ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതിക മന്ത്രിയായിരുന്നു ഫവാദ് ഹുസൈന്‍.

‘പാക് മാധ്യമങ്ങള്‍ ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിങ് തത്സമയം സംപ്രേക്ഷണം ചെയ്യണം. മനുഷ്യരാശിയുടെ ചരിത്രനിമിഷമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ജനങ്ങളുടെയും ശാസ്ത്രജ്ഞരുടെയും ശാസ്ത്ര സമൂത്തിന്റെയും. ഒരുപാട് ആശംസകള്‍’ അദ്ദേഹം എക്‌സില്‍ കുറിച്ചു. ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണ സമയത്തും ഇന്ത്യയെ അഭിനന്ദിച്ച് ഫവാദ് രംഗത്തെത്തിയിരുന്നു.അതേസമയം 2019ലെ ചന്ദ്രയാന്‍ രണ്ട് പദ്ധതിയില്‍ ഐഎസ്ആര്‍ഒയെ നിരന്തരം പരിഹസിച്ചിരുന്നയാളായിരുന്നു ഫവാദ് ഹുസൈന്‍. രണ്ടാം ചാന്ദ്ര ദൗത്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 900 കോടി ചെലവഴിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. അറിയാത്ത സ്ഥലത്തേക്ക് പോകുന്നത് ബുദ്ധിയല്ലെന്നായിരുന്നു ഫവാദിന്റെ പരിഹാസം.

ചന്ദ്രയാന്‍ രണ്ട് പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ പരാജയപ്പെട്ടു എന്ന ഹാഷ്ടാഗോടെ എക്‌സില്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം മാസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തോട് ചേര്‍ന്നുള്ള ഭാഗത്താണ് ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതല്‍ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയര്‍ത്തുന്ന പത്തൊന്‍പത് മിനുട്ടുകളില്‍ ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *