Tuesday, January 7, 2025
National

ഞാനെത്തി, നിങ്ങളും’; ചന്ദ്രയാന്‍-3ന്റെ ആദ്യ സന്ദേശം; ചന്ദ്രോപരിതലത്തിന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്

ഭൂമിയില്‍ നിന്നുള്ള ഒരു ദൗത്യങ്ങള്‍ക്കും സ്പര്‍ശിക്കാന്‍ കഴിയാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്തശേഷം ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിന്റെ ഇമേജര്‍ ക്യാമറ പകര്‍ത്തിയ ചന്ദ്രന്റെ ചിത്രങ്ങളാണ് അഭിമാനപുരസ്സരം ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രയാന്‍- 3 ലാന്‍ഡറും MOX-ISTRAC ഉം തമ്മിലുള്ള ആശയവിനിമയം വിജയകരമായി സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡിംഗ് സമയത്ത് പകര്‍ത്തിയ ലാന്‍ഡര്‍ ഹൊറിസോണ്ടര്‍ വെലോസിറ്റി ക്യാമറിയില്‍ നിന്നുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

ചന്ദ്രയാന്റെ ആദ്യ സാങ്കല്‍പ്പിക സന്ദേശവും ഐഎസ്ആര്‍ഒ എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. ഞാന്‍ ലക്ഷ്യത്തിലെത്തി ഇന്ത്യയും എന്നാണ് ഐതിഹാസികമായ ചന്ദ്രയാന്‍-3 അയയ്ക്കാനിടയുള്ള സാങ്കല്‍പ്പിക സന്ദേശമായി ഐഎസ്ആര്‍ഒ പങ്കുവച്ചിരിക്കുന്നത്.

വൈകിട്ട് 6.04ഓടെയാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പൂര്‍ത്തിയാക്കിയത്. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാന്‍ 3 മാറി. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറുകയായിരുന്നു. 5.45 മുതലായിരുന്നു ലാന്‍ഡിങ് പ്രക്രിയ ആരംഭിച്ചത്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഓഗസ്റ്റ് 27ലേക്ക് ലാന്‍ഡിങ് മാറ്റാനായിരുന്നു തീരുമാനമുണ്ടായിരുന്നെങ്കിലും ഇന്ന് തന്നെ ലാന്‍ഡിങ് നടത്താന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് തന്നെ ലാന്‍ഡിങ് വിജയകരമായി ലാന്‍ഡര്‍ പൂര്‍ത്തിയാക്കി.

അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇതിന് മുന്‍പ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയിട്ടുള്ളത്. ലാന്‍ഡറും റോവറും സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. ഒരു ലൂണാര്‍ ദിനം അതായത് ഭൂമിയിലെ 14 ദിവസം മാത്രമേ ഇവ പ്രവര്‍ത്തിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *