വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഉക്രൈൻ വിദേശകാര്യ മന്ത്രാലയം
അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാ ദൗത്യത്തിന് എത്തിയ വിമാനം റാഞ്ചിയെന്ന വാർത്ത ഉക്രൈൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. വിമാനം റാഞ്ചിയെന്നും ഇറാനിൽ ലാൻഡ് ചെയ്തുവെന്നുമായിരുന്നു ഉക്രൈൻ വിദേശകാര്യ സഹമന്ത്രി യെവ്ജിനി യാനിനെ ഉദ്ധരിച്ച് വാർത്തകൾ വന്നത്.
എന്നാൽ ഉക്രൈൻ വിദേശകാര്യ മന്ത്രാലയവും ഇറാൻ വ്യോമയാന മന്ത്രാലയവും വാർത്ത തള്ളി രംഗത്തുവന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം ഇറാനിലിറക്കിയതെന്നും പിന്നീട് ഉക്രൈനിലേക്ക് പോയെന്നും ഇറാൻ വ്യോമയാന വക്താവ് അറിയിച്ചു. വിമാനം നിലവിൽ കീവിൽ ഇറങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്
31 ഉക്രൈൻ പൗരൻമാരടക്കം 83 പേരടങ്ങുന്ന വിമാനം കാബൂളിൽ നിന്ന് കീവിൽ എത്തിയതായി ഉക്രൈൻ പ്രസിഡന്റിന്റെ ഓഫീസും അറിയിച്ചിട്ടുണ്ട്.