കാബൂളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഒരു വ്യോമസേനാ വിമാനം കൂടി ഇന്ത്യയിലേക്ക്; എംബസി അടച്ചു
അഫ്ഗാനിസ്ഥാനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിച്ചു തുടങ്ങി. കാബൂൾ എംബസി ഇന്ത്യ അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് പത്ത് പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടു.
അഫ്ഗാനിൽ നിന്ന് അഫ്ഗാൻ പൗരൻമാർ അടക്കം ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 130 പേരുമായുള്ള വിമാനം ഡൽഹിയിലെ ഹിൻഡൺ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ഇന്നലെ രാത്രി മറ്റൊരു വ്യോമവിമാനവും കാബൂളിൽ നിന്നുള്ളവരുമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇറാൻ വ്യോമപാതയിലൂടെയാണ് വിമാനം ഇന്ത്യയിലെത്തിയത്.