Saturday, October 19, 2024
World

കൊവിഡ്: ചൈനീസ് നഗരത്തിൽ വീണ്ടും ലോക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ചൈനീസ് നഗരമായ സിയാനിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു. ബുധനാഴ്ച പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങൾ പ്രകാരം അവശ്യവസ്തുക്കൾ വാങ്ങാൻ രണ്ട് ദിവസത്തിലൊരിക്കൽ ഒരുവീട്ടിൽ നിന്ന് ഒരാൾക്ക് മാത്രമേ പുറത്തിറങ്ങാൻ അനുവാദമൊള്ളൂ. വ്യാഴാഴ്ച അർദ്ധരാത്രി മുതലാണ് നിയന്ത്രണങ്ങൾ നിലവിൽ വന്നത്. എന്നുവരെയാണ് നിയന്ത്രണങ്ങൾ എന്നതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ദീർഘദൂര ബസ് സ്റ്റേഷനുകൾ ഇതിനകം അടച്ചു. നഗരത്തിലേക്കുള്ള റോഡുകളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സിയാൻ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.അത്യാവശ്യമല്ലാത്ത ബിസിനസുകളും അടച്ചുപൂട്ടി. പ്രാദേശിക സർക്കാർ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകി.മുൻകരുതലെന്ന നിലയിൽ ബാറുകൾ, ജിമ്മുകൾ, സിനിമാശാലകൾ തുടങ്ങിയ ഇൻഡോർ സൗകര്യങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ തന്നെ അടച്ചിരുന്നു.

ഡിസംബർ ഒമ്പതു മുതൽ വടക്കൻ നഗരത്തിൽ 143 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ രാജ്യത്ത് കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഡെൽറ്റ വകഭേദമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒമിക്രോൺ വകഭേദത്തെ കുറിച്ച് എവിടെയും പരാമർശിക്കുന്നില്ല. സിയൻ നഗരം ഇരട്ടപകർച്ചവ്യാധി നേരിടുകയാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അടുത്ത ഫെബ്രുവരിയിൽ ശീതകാല ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ചൈന. അതുകൊണ്ട് തന്നെ കോവിഡിനെ ചെറുക്കാനുള്ള അതീവ ജാഗ്രതയാണ് രാജ്യത്ത് നടക്കുന്നത്. ശീതകാല ഒളിമ്പിക്സിന്റെ ഏറ്റവും വലിയ വെല്ലുവിളി കോവിഡ് -19 ആണെന്ന് ചൈന സമ്മതിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി കൊറോണ വൈറസ് കണ്ടെത്തിയ ചൈനയിൽ 113,000 കേസുകളും 4,849 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.