ഏയ്ഞ്ചല്‍ ഓഫ് ഡെത്ത് കേസ്: നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തുന്ന നഴ്‌സ് അറസ്റ്റില്‍
നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തുന്ന നഴ്‌സ് പിടിയില്‍. അര്‍ജന്റീനയിലെ നോര്‍ത്ത് കൊര്‍ഡോബയിലാണ് സംഭവം. ബ്രെന്‍ഡ അഗ്യൂറോ എന്ന് പേരുള്ള 27 വയസുകാരിയായ നേഴ്‌സാണ് കൊലപാതകങ്ങള്‍ നടത്തിയത്. രണ്ട് നവജാത ശിശുക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.
ഏയ്ഞ്ചല്‍ ഓഫ് ഡെത്ത് കേസ് എന്ന പേരിലാണ് നേഴ്‌സിന്റെ കൊലപാതകങ്ങള്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. തങ്ങള്‍ പരിചരിക്കേണ്ട രോഗികളെ തന്നെ കൊലപ്പെടുത്തുന്ന നേഴ്‌സുമാരെയാണ് ഏയ്ഞ്ചല്‍ ഓഫ് ഡെത്തെന്ന് വിശേഷിപ്പിക്കാറുള്ളത്. കൊര്‍ഡോബയിലെ നിയോനേറ്റല്‍ മറ്റേണിറ്റി ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞുങ്ങളില്‍ ആരോ വിഷം കുത്തിവച്ചതായി പൊലീസ് മനസിലാക്കിയത്.
കൊല്ലപ്പെട്ട രണ്ട് കുഞ്ഞുങ്ങള്‍ക്ക് പുറമേ എട്ട് നവജാത ശിശുക്കളില്‍ക്കൂടി ഇവര്‍ വിഷം കുത്തിവച്ചിരുന്നു. എന്നാല്‍ ഈ കുഞ്ഞുങ്ങള്‍ക്ക് കൃത്യ സമയത്ത് മികച്ച ചികിത്സ ലഭ്യമായതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അമിതമായി പൊട്ടാസ്യം കണ്ടെത്തിയിരുന്നു. ബ്രെന്‍ഡ കുത്തിവച്ച വിഷത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
മാര്‍ച്ചിനും ജൂണിനും ഇടയിലുള്ള കാലയളവിലാണ് ബ്രെന്‍ഡ കൃത്യം നടത്തിയത്. ജൂണ്‍ 6ന് മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ ആശുപത്രിക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ നഴ്‌സിനെ പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല.