പ്രമുഖ ചൈനീസ് ആണവ ശാസ്ത്രജ്ഞൻ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
ബീജിംഗ്: ചൈനയുടെ മുതിർന്ന ആണവായുധ ശാസ്ത്രജ്ഞന്‍ ദുരൂഹ സാഹചര്യത്തില്‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ചൈനീസ് ന്യൂക്ളിയര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുകയായിരുന്ന ഴാങ് സിജിയാൻ ആണ് മരിച്ചത്. മരണകാരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.
ഹാര്‍ബിന്‍ എന്‍ജിനീയറിംഗ് സര്‍വകലാശാലയില്‍ വൈസ് പ്രസിഡന്റ് കൂടിയായിരുന്ന ഴാങിന്റെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായി സര്‍വകലാശാല പത്രകുറിപ്പില്‍ അറിയിച്ചു. സര്‍വകലാശാലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കൂടിയായിരുന്നു ഴാങ്ങ് സിജിയാൻ്റെ മരണത്തിന് രണ്ട് ദിവസം മുമ്പ് സര്‍വകലാശാലയിലെ മുന്‍ ഡീന്‍ യിന്‍ ജിംഗ്വേയെ പുതിയ വൈസ് പ്രസിഡന്റ് ആയി സര്‍വകലാശാല നിയമിച്ചിരുന്നു.
ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി വളരെ അടുത്ത ബന്ധങ്ങളുളള ചൈനയിലെ വളരെ ചുരുക്കം ചില സര്‍വകലാശാലകളിലൊന്നാണ് ഹാര്‍ബിന്‍ സര്‍വകലാശാല. ഴാങ്ങ് സിജിയാനെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണോ മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.