Thursday, January 23, 2025
World

ഇന്ന് അന്താരാഷ്ട്ര സന്തോഷ ദിനം; ആശയത്തിന് തുടക്കമിട്ടത് ഭൂട്ടാൻ

ഇന്ന് ഇന്റർനാഷണൽ ഹാപ്പിനസ് ദിനം. ജീവിതത്തിൽ മറ്റെന്തിനേക്കാളും പ്രധാനപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ഈ ആശയത്തിന് പിന്നിൽ. 2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്.

മഹാമാരിയിൽ പ്രതിസന്ധിയിലായ ദിവസങ്ങളും മാസങ്ങളും, ഭൂകമ്പത്തിൽ ഉറ്റവരും ഉഠയവരും നഷ്ടമായവർ, യുദ്ധം തകർത്ത ജീവിതങ്ങൾ, നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തവർ.പ്രളയം, കാട്ടുതീ മുൻപെങ്ങുമില്ലാത്ത വെല്ലുവിളികൾക്കിടെയാണ് ഒരു ഹാപ്പിനസ് ദിനം കൂടി എത്തുന്നത്.

കഷ്ടതയുടേയും ദുരിതത്തിന്റേയും നാളുകളിൽ മനസ്സുതുറന്ന് ചിരിക്കുക എളുപ്പമല്ല. ജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ളവർക്കും സന്തോഷം പകർന്നുനൽകാനും നമുക്ക് നമ്മെത്തന്നെ ഓർമിപ്പിക്കാം.

ജീവിതത്തിൽ ഓരോരുത്തർക്കും ഓരോ ലക്ഷ്യമാണ്. പുതിയകാലത്ത് ജീവിതവിജയത്തെ നിർവചിക്കുന്നത് സമ്പത്തിന്റേയും പദവിയുടേയും സ്ഥാനമാനങ്ങളുടേയും അടിസ്ഥാനത്തിലായി മാറുന്നു. എന്നാൽ ഏറ്റവും പ്രധാനം സന്തോഷത്തോടെയിരിക്കുക എന്നതാണ്. മനസ്സുതുറന്ന് ചിരിക്കാൻ ശ്രമിക്കുക, സമൂഹത്തിൽ സജീവമായി ഇടപെടുക എന്നതാണ് ഇത്തവണത്തെ പ്രമേയം.

ലോകത്ത് തന്നെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള പ്രദേശമെന്നറിയപ്പെടുന്ന ഭൂട്ടാനാണ് ഈ ആശയത്തിന് തുടക്കമിട്ടത്. 1970-കളുടെ തുടക്കം മുതൽ, ഭൂട്ടാൻ ദേശീയ വരുമാനത്തേക്കാൾ ദേശീയ സന്തോഷത്തിന് പ്രാധാന്യം നൽകിവരുന്നു. ഗ്രോസ് നാഷണൽ ഹാപ്പിനസ് ഇൻഡക്സ് എന്ന ആശയം മുന്നോട്ട് വച്ചാണ് ഭൂട്ടാൻ മാതൃകയായത്. ആശങ്കകളും ആകുലതകളും മറന്ന്, കോപതാപങ്ങളും മതമാൽസര്യവും മറന്ന്, മനസ്സുതുറന്ന് ചിരിക്കാൻ കഴിയട്ടെ.

Leave a Reply

Your email address will not be published. Required fields are marked *