ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം; ലോകത്തിന് മാതൃകയായി ഇന്ത്യ
ഇന്ന് ദേശീയ വാക്‌സിനേഷൻ ദിനം. പ്രതിരോധ കുത്തിവയ്പിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ദിനം ലക്ഷ്യമിടുന്നത്. കൊവിഡിനെ ചെറുക്കുന്നതിന് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കാംപെയ്ൻ നടത്തി ഇന്ത്യ ലോകത്തിന് മാതൃകയായി.
രാജ്യത്ത് ഓരോ കുഞ്ഞിനും പ്രതിരോധ വാക്‌സിൻ ഉറപ്പുവരുത്തുക. നിലവിലുള്ള വാക്‌സിനുകളുടെ പ്രയോജനത്തെക്കുറിച്ചും രോഗപ്രതിരോധത്തെക്കുറിച്ചുമുള്ള അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ക്ഷയരോഗം പ്രതിരോധിക്കുന്നതിന് ബിസിജി വാക്‌സിൻ കണ്ടുപിടിച്ചത് അൻപത്തി ഒന്ന് വർഷം മുൻപാണ്. തുടർന്ന് ഡിപിടി, തൈറോയ്ഡ് വാക്‌സിനുകളും രാജ്യത്ത് ലഭ്യമായി. 1995 മാർച്ച് പതിനാറിന് ഓറൽ പോളിയോ വാക്‌സിൻ ആദ്യഡോസ് നൽകി.
റുബെല്ല, അഞ്ചാംപനി എന്നീ പകർച്ചവ്യാധികൾ പൂർണമായും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ 2017നും 2020 നും ഇടയിൽ 324 മില്യൺ കുട്ടികൾക്ക് പ്രതിരോധ വാക്‌സിൻ നൽകി. വാക്‌സിൻ പ്രയോജനം എല്ലാവർക്കും എന്നതാണ് ഈ വർഷത്തെ പ്രമേയം. വാക്‌സിനുകളെക്കുറിച്ചുള്ള തെറ്റിധാരണകൾ അകറ്റി ആരോഗ്യ സംരക്ഷണത്തിൽ വാക്‌സിനുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും ഈ ദിനത്തിൽ സംഘടിപ്പിക്കുന്നു. സൗജന്യ വാക്‌സിനേഷൻ ക്യാമ്പയിനുകളിലൂടെ സമൂഹത്തിന്റെ എല്ലാ തട്ടിലും വാക്‌സിൻ ലഭ്യമാക്കുന്നു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വാക്‌സിൻ നിർമിക്കുന്നതിലും വിതരണം ചെയ്യുന്നതിലും രാജ്യം മറ്റ് രാജ്യങ്ങൾക്ക് മാതൃകയായി.